ഏയ് ബനാനെ... ഇതെന്തുവില വില കത്തിക്കയറി നേന്ത്രപ്പഴം

Monday 05 May 2025 2:11 AM IST
കാളികാവിലെ ഒരു നേന്ത്രപ്പഴ മൊത്ത വ്യാപാര കേന്ദ്രത്തിലെ കാഴ്ച

കാളികാവ്: നേന്ത്രപ്പഴം വില സർവകാല റെക്കോഡിലേക്ക് ഉയരുന്നു. കിലോയ്ക്ക് ജില്ലയിൽ 65 മുതൽ 75 വരെയാണ് പൊതുവിപണിയിലെ ഇന്നലത്തെ വില. നാട്ടിൻ പുറങ്ങളിൽ പേരിനു പോലും നേന്ത്രപ്പഴം കിട്ടാനില്ല.

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന നേന്ത്രപ്പഴമാണ് വിപണിയിൽ ഉള്ളതെന്ന് കച്ചവടക്കാർ പറയുന്നു. മലയോരങ്ങളിൽ തോട്ടം നനയ്ക്കാൻ സൗകര്യപ്പെട്ട കർഷകർക്ക് മാത്രമാണ് ഇപ്പോൾ അൽപ്പമെങ്കിലും കുല വെട്ടാനുള്ളത്.

നാടൻനേന്ത്രപ്പഴം എത്താത്തതാണ് വിപണിയിൽ വില വർദ്ധിക്കുന്നതിന് കാരണമായത്.

ഇങ്ങനെ പോയാൽ അടുത്ത മൂന്നു മാസങ്ങളിൽ വില ഇനിയും കൂടി നൂറിനോടടുക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്. നേന്ത്രക്കായ മാത്രമല്ല ചെറുപഴങ്ങൾക്കും വില വർദ്ധിച്ചിട്ടുണ്ട്. മൈസൂർപ്പഴം കിലോയ്ക്ക് ശരാശരി 40 രൂപ വരെയാണ് വില. നേന്ത്രപ്പഴത്തിന് ഇത്രയും വില ആദ്യമായിട്ടാണെന്നാണ് പഴം പച്ചക്കറി വ്യാപാരികൾ പറയുന്നത്

മൂന്നു വർഷം മുമ്പ് 70 മുതൽ 80 വരെ വില വർദ്ധിച്ചതാണ് റെക്കാഡ് ആയി വ്യാപാരികൾ പറയുന്നത്. കേരളത്തിലേക്ക് പ്രധാനമായും നേന്ത്രപ്പഴം എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. നീലഗിരി, കോയമ്പത്തൂർ, ഈറോഡ്, പൊള്ളാച്ചി, തേനി, കൃഷ്ണഗിരി എന്നിവിടങ്ങളിലാണ് പ്രധാന ഉത്‌പാദനം നടക്കുന്നത്. ഇതാകട്ടെ ഗുണ നിലവാരത്തിൽ കേരളീയ നേന്ത്രപ്പഴത്തിന്റെ അടുത്തെത്തില്ല. നേന്ത്രപ്പഴത്തിന് വിലയേറിയതോടെ തട്ടുകടക്കാരും ഹോട്ടൽ വ്യാപാരികളുമാണ് പ്രയാസത്തിലായത്. കേരളീയ വിഭവമായ പഴംപൊരി പാടെ മെലിഞ്ഞു പോയി.ചില കടകളിൽ പഴം പൊരി കിട്ടാനുമില്ല.

കഴിഞ്ഞ സീസണിലെ വിലക്കുറവ് കാരണം നാട്ടിൻ പുറങ്ങളിലെ കർഷകർ ചെലവേറിയ വേനൽ കൃഷിക്ക് തയ്യാറായില്ല.ഇതാണ് ഇപ്പോഴത്തെ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണം.