റോഡ് കൊട്ടിയടച്ചു: ഗതാഗതം നിലച്ചു, വ്യാപാര സ്ഥാപനങ്ങൾ പൂട്ടി
കാളികാവ്: റോഡ് നിർമ്മാണ ദുരിതം പേറുന്ന നാടിനു മറ്റൊരു പ്രഹരം. നിർമ്മാണത്തിന്റെ മറവിൽ ചെത്തുകടവ് റോഡ് കൊട്ടിയടച്ചു. ഇതോടെ കരുവാരകുണ്ട് റോഡിൽ നിന്ന് കാളികാവ് ടൗണിലേക്കുള്ള പോക്കു വരവുകൾ തടഞ്ഞു. ബ്ലോക്കു പടിയിൽ നിന്ന് വണ്ടൂർ റോഡിൽ പ്രവേശിക്കുന്നതിനുള്ള എളുപ്പ മാർഗ്ഗമാണ് ഇല്ലാതായത്. റോഡ് കാൽനടയ്ക്ക് പോലും പറ്റാത്ത തരത്തിൽ അടച്ചതോടെ സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളും അടച്ചിടേണ്ടി വന്നു.ഹൈവെയുടെ നിർമ്മാണത്തിന്റെ ഭാഗമായി അഴുക്കുചാൽ നിർമ്മിക്കുന്നതിനു വേണ്ടിയാണ് റോഡ് പൊളിച്ചിട്ടത്.
സാധാരണയായി റോഡിന്റെ പാതി ഭാഗം പൊളിച്ച് മറു പാതിയിലൂടെ ഗതാഗതം സൗകര്യം ഏർപ്പെടുത്തുകയാണ് പതിവ്.എന്നാൽ റോഡു പൂർണ്ണമായും പൊളിച്ച് അടച്ചിടുകയാണ് ഇവിടെ ചെയ്തത്.ഇതോടെ ഇതു വഴിയോടുന്ന മുഴുവൻ വാഹനങ്ങളും ജംഗ്ഷൻ ചുറ്റി പഴയ പാലത്തിലൂടെ കടന്നു പോകണം. ഇത് വലിയ തോതിൽ ഗതാഗത കുരുക്കിന് കാരണമാവുകയാണ്. നിലവിൽ കാളികാവ് ജംഗ്ഷനിലെ ബസ് സ്റ്റാൻഡിന്റെ പുറത്തേക്കുള്ള പ്രവേശനം തടഞ്ഞതോടെ രണ്ടാഴ്ചയായി ജംഗ്ഷനിൽ തിരക്കു കൂടുതലാണ്. ഇതിനു പുറമെയാണ് ചെത്തുകടവ് റോഡ് അടച്ചതിലൂടെയുള്ള തിരക്കും സഹിക്കേണ്ടി വരുന്നത്.
കാളികാവ് ജംഗ്ഷൻ വഴി വണ്ടൂർ റോഡിൽ പ്രവേശിക്കാൻ ബദൽ സംവിധാനമുള്ളത് കൊണ്ടാണ് ചെത്തുകടവ് റോഡ് പൂർണ്ണമായും അടച്ചതെന്നും കാലതാമസമൊഴിവാക്കി റോഡ് തുറന്നു കൊടുക്കുന്നതിനാണ് ഈ നടപടിയെന്നും അസി. എൻജിനീയർ പറഞ്ഞു.