കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക; രോഗികളെ ഒഴിപ്പിക്കുന്നു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക. ആശുപത്രി കെട്ടിടത്തിലെ ആറാം നിലയിൽ നിന്നാണ് പുക ഉയരുന്നത്. പുക പടരുന്നതിനാൽ ആളുകളെ ഒഴിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ പുകയെത്തുടർന്ന് ആശുപത്രിയിൽ ഫയർഫോഴ്‌സിന്റെയും ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റിന്റെയും പരിശോധന നടക്കുന്നതിനിടെയാണ് വീണ്ടും പുക ഉയർന്നത്. പുക നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് മൂലമാണ് പുക ഉയർന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു
കഴിഞ്ഞ വെള്ളിയാഴ്‌ച കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പുകയെത്തുടർന്ന് അഞ്ച് രോഗികൾ മരണപ്പെട്ടതായി ആരോപണം ഉയർന്നിരുന്നു. അത്യാഹിതവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. യുപിഎസ് റൂമിൽ ഷോർട്ട് സർക്യുട്ട് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു.
അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികളുടെ മരണകാരണം പുക ശ്വസിച്ചല്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. മൂന്നുപേരുടേത് സ്വാഭാവിക മരണമാണ്. അത് പുക ശ്വസിച്ചതുമൂലമല്ല. ഒരാളുടെ മരണം വിഷാംശം ഉള്ളിൽച്ചെന്നെന്നാണ് റിപ്പോർട്ടിലുള്ളത്. രോഗികളെ മാറ്റുന്നതിനിടെ പുക ശ്വസിച്ചാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. വയനാട് മേപ്പാടി സ്വദേശി നസീറ (44)യാണ് വിഷാംശം ഉള്ളിൽ ചെന്ന് മരിച്ചത്. മേപ്പയൂർ പുളിച്ചികൊലാറ്റ മീത്തൽ ഗംഗാധരൻ (72), വെസ്റ്റ്ഹിൽ കുപ്പായം തൊടി ഹൗസിൽ ഗോപാലൻ (67), വടകര വള്ളൂമ്മൽ താഴെകുനിയിൽ സുരേന്ദ്രൻ (59) എന്നിവരുടേത് സ്വാഭാവിക മരണമാണ്. മൂവരെയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലെത്തുംമുമ്പേ മരിച്ച പശ്ചിമ ബംഗാൾ സ്വദേശി ഗംഗയുടെ പോസ്റ്റ്മോർട്ടം നടന്നിട്ടില്ല. ഇവർ യു.പി.എസ് അപകടമുണ്ടാകുന്നതിനു മുമ്പാണ് മരിച്ചത്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിരുന്നു.