'വേടന് പുതിയ മുഖം ലഭിക്കും, ആരും പൂർണരല്ല'; മന്ത്രി റോഷി അഗസ്റ്റിൻ, പരിപാടിക്ക് കനത്ത സുരക്ഷയൊരുക്കി പൊലീസ്

Monday 05 May 2025 3:50 PM IST

ഇടുക്കി: റാപ്പർ വേടനൊപ്പം സർക്കാരും പൊതുജനങ്ങളുമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വിവാദങ്ങൾക്കിടെ ഇടുക്കിയിലെ സർക്കാർ ചടങ്ങിൽ വേടന്റെ പരിപാടി നടക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം. ആരും പൂർണരല്ല. തെറ്റ് ഏറ്റുപറയാനുള്ള മനസാണ് വേടനെ വ്യത്യസ്‌തനാക്കിയത്. ഇടുക്കിയിലെ പരിപാടിയോടുകൂടി വേടന് പുതിയ മുഖം ലഭിക്കും എന്നാണ് റോഷി അഗസ്റ്റിന്റെ പ്രതികരണം.

വൈകിട്ട് ഏഴ് മണിക്ക് വാഴത്തോപ്പ് സ്‌കൂൾ മൈതാനത്തിലാണ് വേടന്റെ പരിപാടി നടക്കുക. സംഗീത നിശയിലേക്ക് പരമാവധി 8,000പേർക്ക് മാത്രമാണ് പ്രവേശനം. സ്ഥലപരിമിധി കാരണമാണ് തീരുമാനം. കൂടുതൽപേർ എത്തുന്ന സാഹചര്യമുണ്ടായാൽ നിയന്ത്രണം കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽപേർ എത്തിയാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക് ചെയ്യും. അനിയന്ത്രിതമായ സാഹചര്യം ഉണ്ടായാൽ പരിപാടി റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്റെ പരിപാടി. ഉദ്‌‌ഘാടന ദിവസമായ 29ന് വേടന്റെ പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 28ന് കഞ്ചാവ് കേസിൽ പിടിയിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു. സിപിഐയും സിപിഎമ്മും വേടന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയിൽ പരിപാടി അവതരിപ്പിക്കാൻ വേദി നൽകാൻ തീരുമാനിച്ചത്. സുരക്ഷയ്‌ക്കായി 200 പൊലീസുകാരെയാണ് വിന്യസിപ്പിക്കുന്നത്.