മഴയിൽ മണ്ണിന്റെ മണമുള്ള ആലുവ ഫാം ഫെസ്റ്റ്
ആലുവ: പെരിയാറിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ആലുവ തുരുത്തിലെ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ത്രിദിന 'ആലുവ ഫാം ഫെസ്റ്റ് 2025'ന് ചന്നംപിന്നം പെയ്ത മഴയിലും ആവേശം ചോരാത്ത തുടക്കം. അര നൂറ്റാണ്ടോളം പഴക്കമുള്ള കാർഷിക ഓർമ്മകളിലേക്കാണ് ഫെസ്റ്റ് സഞ്ചാരികളെ കൂട്ടിക്കൊണ്ടുപോയത്. ജില്ലാ പഞ്ചായത്തിന് കീഴിലെ ഒക്കൽ, നേര്യമംഗലം, വൈറ്റില ഫാമുകളിൽ നിന്നുള്ള കാർഷിക വിളകൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങളായ കാംകോ, കെയ്കോ തുടങ്ങിയവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ആലുവ പാലസിൽ നിന്ന് ബോട്ട് മാർഗവും ദേശം തൂമ്പാക്കുവിൽ നിന്ന് ചങ്ങാടത്തിലും തുരുത്തിൽ നിന്ന് റെയിൽവെ ട്രാക്ക് മുറിച്ചുകടന്നും സ്ഥലത്തെത്താം. ഫെസ്റ്റിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് പാലസിൽ നിന്നും സൗജന്യമായാണ് ബോട്ട് സർവീസ്. ഇന്ന് രാവിലെ പത്തിന് പ്രകൃതി കൃഷി രീതികൾ എന്ന വിഷയത്തിൽ ആലത്തൂർ സ്റ്റേറ്റ് സീഡ് ഫാം ഓഫീസർ എം.വി. രശ്മി, രണ്ടിന് സ്മാർട്ട് ആൻഡ് സൈറ്റനബിൾ ഫാമിംഗ് എന്ന വിഷയത്തിൽ സംസ്ഥാന ജൈവ കർഷക അവാർഡ് ജേതാവ് ജ്ഞാന ശരവണൻ എന്നിവർ ക്ലാസുകളെടുക്കും. രാവിലെ 9 മുതൽ വൈകിട്ട് 6വരെയാണ് ഫെസ്റ്റ്. പ്രവേശനം സൗജന്യമാണ്.
കുട്ടികൾക്ക് ചേറിൽ ഫുട്ബാൾ കളിക്കാനും ചൂണ്ടയിടാനും സൗകര്യമുണ്ട്. ഫുട്ബാളിനായി വിശാലമായ കണ്ടം ഉഴുതുമറിച്ചിട്ടു. മറ്റൊരു കണ്ടത്തിൽ ഞാറുനടാനും സൗകര്യമുണ്ട്. മത്സ്യകൃഷി, വിവിധതരം കാലികൾ, കൃഷികൾ എന്നിവയുമുണ്ട്.
കർഷക തൊഴിലാളികളുടെ പ്രധാന ഭക്ഷണമായിരുന്ന പുഴക്കും കട്ടൻകാപ്പിയുമെല്ലാം ഒരുക്കി രുചിയിടം എന്ന പേരിൽ മുളംകാട്ടിൽ ഭക്ഷ്യശാലയും ഒരുക്കിയിട്ടുണ്ട്.
പെരിയാറിൽ സോളാർ ബോട്ട് സവാരി, ഡ്രോൺ പരിശീലനം തുടങ്ങിയ വൈവിദ്ധ്യങ്ങളാർന്ന പരിപാടികളുമുണ്ട്.
ഞാറുനട്ട കണ്ടത്തിൽ ഉഴുകാൻ ഉപയോഗിക്കുന്ന കാളകൾക്കൊപ്പം നിന്ന് ഫോട്ടോ എടക്കാൻ കഴിയുന്ന സെൽഫി പോയിന്റും ക്രമീകരിച്ചിട്ടുണ്ട്.