കാർത്തികയ്ക്കായി കസ്റ്റഡി അപേക്ഷ
കൊച്ചി: യു.കെയിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായ ടേക്ക് ഒഫ് ഓവർസീസ് എഡ്യുക്കേഷണൽ കൺസൾട്ടൻസി ഉടമ കാർത്തിക പ്രദീപിനായി എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. വിശദമായി ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരും. ഇവരുടെ സ്വത്തുവിവരങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള പരിശോധന പുരോഗമിക്കുകയാണ്. ആറ് കേസുകളാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആറുപേരിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.