കേരളകൗമുദിയുടെ ഉറ്റബന്ധു
വിട പറഞ്ഞത് വിട പറഞ്ഞത് പത്രാധിപരിൽ നിന്ന് ഏജൻസി സ്വീകരിച്ച കെ.ആർ. പൊന്നപ്പൻ
കൊച്ചി: പത്രാധിപർ കെ. സുകുമാരനിൽ നിന്ന് നേരിട്ട് ഏജൻസി സ്വീകരിക്കുകയും 'കേരളകൗമുദി"യെ ജീവവായു പോലെ സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ് ഇന്നലെ നിര്യാതനായ കെ.ആർ. പൊന്നപ്പൻ. കേരളകൗമുദിയിലെ മൂന്നു തലമുറകളുമായി അദ്ദേഹം ബന്ധം സൂക്ഷിച്ചിരുന്നു. എസ്.എൻ.ഡി.പി യോഗം പ്രവർത്തകനായിരുന്ന വടക്കൻ പറവൂർ കരുമാല്ലൂർ സ്വദേശിയായ പൊന്നപ്പൻ 26-ാം വയസിലാണ് തിരുവനന്തപുരത്ത് കേരളകൗമുദി ഓഫീസിൽ ആദ്യമായി എത്തുന്നത്. മെഡിക്കൽ കോളേജിൽ പഠിക്കുന്ന ബന്ധുവിനെ കാണുകയായിരുന്നു ലക്ഷ്യം. അതിനിടെ പത്രാധിപരെ സന്ദർശിച്ചത് പൊന്നപ്പൻ പലതവണ അനുസ്മരിച്ചിട്ടുണ്ട്. പേട്ടയിലെ ഓഫീസിലെ മുറിയിലേയ്ക്ക് കയറിച്ചെന്നപ്പോൾ 'കുഞ്ഞേ" എന്ന് വാത്സല്യത്തോടെ വിളിച്ചാണ് പത്രാധിപർ സ്വീകരിച്ചത്. നാടും വീടും സംബന്ധിച്ച കാര്യങ്ങൾ പത്രാധിപർ ചോദിച്ചറിഞ്ഞു. എൽ.ഐ.സിയുടെ ഏജന്റായിരുന്നു പൊന്നപ്പൻ. കേരളകൗമുദിയുടെ ഏജന്റായി പറവൂരിൽ പ്രവർത്തിച്ചുകൂടേയെന്ന് പത്രാധിപർ ചോദിച്ച ഉടൻ സമ്മതം അറിയിച്ചു. ഏജൻസി അപേക്ഷാഫോറം പൂരിപ്പിച്ച് വാങ്ങിയ പത്രാധിപർ തന്നെ കത്ത് നൽകിയത് വലിയ അംഗീകാരമായാണ് പൊന്നപ്പൻ സ്വീകരിച്ചത്. ഏജൻസിക്കൊപ്പം പറവൂരിലെ പ്രാദേശിക വാർത്തകളും നൽകാനും നിർദ്ദേശിച്ചു പത്രാധിപർ.
തുടക്കത്തിൽ തിരുവനന്തപുരത്ത് നിന്ന് ബസിലെത്തുന്ന കേരളകൗമുദിയാണ് പറവൂരിൽ അദ്ദേഹം വിതരണം ചെയ്തിരുന്നത്. കൊച്ചി എഡിഷൻ ആരംഭിച്ചതോടെ കൂടുതൽ സജീവമായി. പറവൂർ ഏജന്റായും മറ്റു മേഖലകളിൽ സബ് ഏജന്റുമാർ വഴിയുമാണ് പത്രം വിതരണം ചെയ്തിരുന്നത്.
ശ്രീനാരാണയഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ തല്പരനായിരുന്ന അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ശാഖകളിലെ കുടുംബയോഗങ്ങളിൽ നൂറുകണക്കിന് പ്രഭാഷണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. പിന്നാക്ക സമുദായങ്ങളുടെ സാമൂഹികനീതിക്കായി കേരളകൗമുദി നടത്തിയ പോരാട്ടങ്ങൾ, പത്രാധിപർ കെ. സുകുമാരന്റെ കുളത്തൂർ പ്രസംഗം തുടങ്ങിയവ പ്രഭാഷണത്തിൽ വിഷയമാകും. കേരളകൗമുദി വായിക്കണമെന്ന് ആഹ്വാനം ചെയ്താണ് അദ്ദേഹം പ്രഭാഷണം അവസാനിപ്പിക്കുക.
ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഏതാനും വർഷം മുമ്പ് ഏജൻസി കൈമാറിയെങ്കിലും കേരളകൗമുദിയുമായുള്ള ഉറ്റബന്ധം തുടർന്നിരുന്നു. മുതിർന്ന ഏജന്റെന്ന നിലയിൽ കേരളകൗമുദി ആദരിച്ചിട്ടുണ്ട്. എപ്പോഴും കേരളകൗമുദി പത്രവും അദ്ദേഹത്തിന്റെ കൈയ്യിലുണ്ടാകും. പൊന്നപ്പൻ വിടവാങ്ങുന്നതോടെ പറവൂർ മേഖലയിലെ കേരളകൗമുദിയുടെ ഒരു മുഖമാണ് മായുന്നത്.