മെഡി.കോളേജിൽ വീണ്ടും പുക ആശങ്ക, പ്രതിഷേധം

Tuesday 06 May 2025 12:02 AM IST
കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗം​ ​കെ​ട്ടി​ട​ത്തി​ൽ​ ​നി​ന്ന് ​വീ​ണ്ടും​ ​പു​ക​ ​ഉ​യ​ർ​ന്ന​തി​ന്റെ​ ​കാ​ര​ണ​മ​റി​യാ​നെ​ത്തി​യ​ ​വി​വി​ധ​ ​രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ്ര​വേ​ശ​നം​ ​ത​ട​ഞ്ഞ​തോ​ടെ​ ​പ്ര​തി​ഷേ​ധി​ക്കു​ന്നു

കോഴിക്കോട്: മെഡി. കോളേജ് കെട്ടിടത്തിൽ വീണ്ടും പുക. ഗുരുതര വീഴ്ചയെന്ന് ആരോപണം. മുസ്ലീം ലീഗ്, കോൺഗ്രസ് , ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സംഘർഷ സമാനമായിരുന്നു ഇന്നലെ ഉച്ചയ്ക്കുശേഷം മെഡിക്കൽ കോളേജ് പരിസരം.

മെഡി.കോളേജിലെ പി.എം.എസ്.എസ്.വൈ ബ്ലോക്കിൽ ആറാം നിലയിലെ ഓപ്പറേഷൻ കോംപ്ലക്‌സിലാണ് ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഇന്നലെ തീയും പുകയും ഉണ്ടായത്. ഈ സമയം കെട്ടിടത്തിൽ രോഗികളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതേ ബ്ലോക്കിൽ അത്യാഹിത വിഭാഗത്തിലെ യു.പി.എസ് പൊട്ടിത്തെറിച്ചിരുന്നു. പ്രശ്‌നം പൂർണമായും പരിഹരിക്കാതെ രോഗികളെ പ്രവേശിപ്പിച്ചതിനെതിരെ ഇന്നലെ പ്രതിഷേധം ആളിപ്പടരുകയായിരുന്നു. പുകയുണ്ടായ നിലയിലേക്ക് ജനപ്രതിനിധികളെ കയറ്റിവിടാത്തത്തതിനെ ച്ചൊല്ലി ഉന്തും തള്ളുമുണ്ടായി. കെട്ടിട നിർമാണത്തിലടക്കം അപാകതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും വിശദമായ പരാതി നൽകുമെന്നും എം.കെ രാഘവൻ എം.പി പറഞ്ഞു.

ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധന പൂർത്തിയാകും മുമ്പ് എന്തിനാണ് രോഗികളെ പുതിയ ബ്ലോക്കിലെ മൂന്നും നാലും നിലകളിലേക്ക് മാറ്റിയെന്നായിരുന്നു പ്രതിഷേധക്കാരുടെ ചോദ്യം. എന്നാൽ ഇവിടങ്ങളിൽ പരിശോധന നടത്തി സുരക്ഷ ഉറപ്പിച്ച ശേഷമാണ് രോഗികളെ മാറ്റിയതെന്നായിരുന്നു മെഡി.കോളേജ് പ്രിൻസിപ്പൽ കെ.ജിസജീത്ത് കുമാറിന്റെ പ്രതികരണം. കെട്ടിടത്തിലെ മുഴുവൻ നിലകളും പരിശോധന പൂർത്തിയാക്കിയ ശേഷമേ രോഗികളേ മാറ്റുകയുള്ളൂവെന്നായിരുന്നു ആരോഗ്യമന്ത്രിയും പ്രിൻസിപ്പലും നേരത്തെ അറിയിച്ചിരുന്നത്. ഇതിന് വിപരീതമായി രോഗികളെ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയ്ക്കിടെയാണ് പുക ഉയർന്നത് എന്ന വാദം പ്രതിഷേധക്കാർ തള്ളി. അങ്ങനെയെങ്കിൽ ബെഡ് ഉൾപ്പെടെ ആശുപത്രി ഉപകരണങ്ങൾ എങ്ങനെ കത്തി നശിച്ചുവെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.

.എം.എസ്.എസ്.വൈ കെട്ടിടം തുറന്നത് 2023ൽ

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം 185 കോടി ചെലവഴിച്ച് 16,263 ചതുരശ്ര മീറ്റർ വിസ്തൃതിയിലായി ആറ് നിലകളിയായി നിർമ്മിച്ച പുതിയ അത്യാഹിത വിഭാഗം കോംപ്ലക്സ് 2023 മാർച്ചിലാണ് പ്രവർത്തനം ആരംഭിച്ചത്. അത്യാഹിത വിഭാഗം, സർജിക്കൽ സൂപ്പർ സ്പെഷാലിറ്റികളായ ന്യൂറോ സർജറി, കാർഡിയാക് സർജറി, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, യൂറോളജി, അനസ്തേഷ്യ, പ്ലാസ്റ്റിക് സർജറി തുടങ്ങിയവയാണ് പുതിയ കെട്ടിടത്തിലുള്ളത്. എം.ആർ.ഐ/സി.ടി സ്‌കാൻ, അൾട്രാസൗണ്ട് എക്‌സറേ, ഫാർമസി, ബ്ലഡ് സ്റ്റോറേജ്, ഇ.സി.ജി /പ്ലാസ്റ്റർ റൂം, അത്യാഹിത വിഭാഗം ഐ.സി.യു, പുരുഷൻമാരുടെയും സ്ത്രീകളുടെയും ഒബ്‌സർവേഷൻ വാർഡുകൾ, ട്രയാജ്, പ്ലാസ്റ്റർ തുടങ്ങിയ സൗകര്യങ്ങളാണ് അപകടം നടന്ന താഴത്തെ നിലയിലുള്ളത്. ഇന്നലെ പുകയുയർന്ന ആറാം നിലയിൽ 14 ഓപ്പറേഷൻ തിയറ്ററുകളും, രണ്ട് ഐ.സി.യുകളുമാണുള്ളത്. മൊത്തം 19 ഓപ്പറേഷൻ തിയേറ്ററുകളും , 12 ഐ .സിയുകളുമാണ് ഉള്ളത്. കേന്ദ്ര സർക്കാരിന്റെ 80 ശതമാനവും സംസ്ഥാനത്തിന്റെ 20ശതമാനവും ചെലവഴിച്ചാണ് കോംപ്ലക്‌സ് പണിതത്.

' അഭയ കേന്ദ്രത്തെ ആശങ്ക കേന്ദ്രമാക്കുകയാണ് അധികാരികൾ. എന്നിട്ട് പച്ച കള്ളം പറയുന്നു. പരിശോധന റിപ്പോർട്ട് കിട്ടാതെ രോഗികളെ വീണ്ടും പ്രവേശിപ്പിച്ചു. അധികാരികൾക്ക് ഒരു ഉത്തരവാദിത്വവുമില്ല. പുക ഉയർന്നതിൽ അന്വേഷണം നടത്തി മറുപടി പറയേണ്ടവർ ഒളിച്ചോടുന്നു. അധികൃതർ രോ​ഗികളെ ആശങ്കയിലാക്കുകയാണ്. ജില്ലാ കളക്ടർ ഇതിന് മറുപടി പറയണം.-കോൺഗ്രസ് നേതാവ് കെ.എം അഭിജിത്ത്

''ആശങ്കയുണ്ടാക്കുന്ന കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ പരിഭ്രാന്തരാക്കരുത്. അന്വേഷണം നടക്കുന്നുണ്ട്. റിപ്പോർട്ട് വരുമ്പോൾ കാര്യങ്ങൾ വ്യക്തമാകും''- മേയർ ഡോ. ബീന ഫിലിപ്പ്