ലഹരിക്കെതിരെ കരുതലാകാം കരുത്തോടെ, പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

Tuesday 06 May 2025 12:10 AM IST

പത്തനംതിട്ട : ലഹരി വസ്തുക്കളുടെ ഉപയോഗം, അക്രമവാസന എന്നിവയെ നേരിടാനും മാനസിക ആരോഗ്യത്തോടെ കൗമാരക്കാരെ വളർത്തിയെടുക്കാനും ലക്ഷ്യമിട്ട് രക്ഷാകർതൃ ശാക്തീകരണത്തിൽ അധിഷ്ഠിതമായ സമഗ്രകർമ്മ പരിപാടി ജില്ലാ പഞ്ചായത്ത് തയാറാക്കി. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂളുകളിലെ പ്രഥമാദ്ധ്യാപകരുടെയും രക്ഷാകർതൃ പ്രതിനിധികളുടെയും പരിശീലനം നടന്നു. രക്ഷിതാക്കളെ ഉൾപ്പെടുത്തി ജൂൺ, ജൂലായ് മാസങ്ങളിലായി വിപുലമായ അവബോധ പ്രവർത്തനങ്ങളും രക്ഷാകർതൃ പരിശീലനവും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി 8, 9, 10 ക്ലാസുകളിലെ പി.ടി.എകൾക്കും ബോധവൽക്കരണ ക്ലാസുകൾ നൽകും. പ്രാരംഭ നടപടിയായി ജില്ലയിലെ ഹൈസ്‌കൂൾ പ്രഥമാദ്ധ്യാപകരുടെയും പി.ടി.എ പ്രതിനിധികളുടെയും യോഗം നടന്നു. ഓരോ സ്‌കൂളിലെയും ഒരു അദ്ധ്യാപകന് നൽകുന്ന രക്ഷാകർതൃ ബോധവൽക്കരണ പരിശീലന ശില്പശാല 12ന് കോഴഞ്ചേരിയിൽ നടക്കും. പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം പ്രസ്‌ ക്ലബ് പ്രസിഡന്റ് ബിജുകുര്യന് നൽകി പ്രകാശനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയ കുമാർ അദ്ധ്യക്ഷതവഹിച്ചു. വിദ്യാകിരൺ ജില്ലാ കോ ഓർഡിനേറ്റർ എ.കെ.പ്രകാശ് പങ്കെടുത്തു. ഹയർസെക്കൻഡറി രണ്ടാംവർഷ വിദ്യാർത്ഥിനി മാവേലിക്കര സ്വദേശിനി അനന്യ ബി.നായരാണ് ലോഗോ രൂപകൽപ്പന ചെയ്തത്.