പ്ലസ് വൺ പ്രവേശന നടപടി 14ന് തുടങ്ങും

Tuesday 06 May 2025 1:13 AM IST

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ മേയ് 14ന് തുടങ്ങാൻ സർക്കാർ ഉത്തരവായി. 21ന് ട്രയൽ അലോട്ട്മെന്റും 24ന് ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. ജൂൺ 18ന് ക്ലാസുകൾ ആരംഭിക്കും. എയ്ഡഡ് സ്കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം മുൻ വർഷങ്ങളിലെപ്പോലെ സ്കൂൾ തലത്തിൽ അപേക്ഷ ക്ഷണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ബോണസ് പോയിന്റ് മാനദണ്ഡങ്ങൾക്ക് മാറ്റമില്ല.

2021, 2023, 2024 വർഷങ്ങളിലായി അനുവദിച്ച 314 താത്കാലിക ബാച്ചുകൾ ഈ വർഷവും തുടരും. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ആനുപാതിക സീറ്റ് വർദ്ധന മുൻവർഷത്തെ രീതിയിലും തുടരും. പ്രവേശന വിവരങ്ങൾ ജില്ല/ താലൂക്ക് അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് ആവശ്യമുള്ള മേഖലകളിൽ അലോട്ട്മെന്റിന്റെ തുടക്കത്തിൽ സീറ്റ് വർദ്ധന നടപ്പാക്കും. അൺ എയ്ഡഡ് മേഖലയിൽ 25ൽ താഴെ കുട്ടികളുള്ള ബാച്ചുകൾ സർക്കാരിന് സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കാത്തതിനാൽ നിലനിറുത്തും.