പേവിഷബാധയേറ്റ് മരണം: കളക്ടറെ തടഞ്ഞ് കോൺഗ്രസ് പ്രതിഷേധം
കുന്നിക്കോട്: പേവിഷബാധയേറ്റ് ഏഴ് വയസുകാരി മരിച്ച സംഭവം വിലയിരുത്താൻ കുന്നിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കളക്ടർ എൻ.ദേവിദാസിന്റെ വാഹനം തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
മരിച്ച നിയയുടെ കുടുംബത്തിലെ ഒരാൾക്ക് തൊഴിലും 25 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധം കാൽ മണിക്കൂറോളം പിന്നിട്ടതോടെ കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കുടുംബാരോഗ്യത്തിൽ കളക്ടർ പങ്കെടുത്ത് നടന്ന യോഗത്തിലേക്കും കോൺഗ്രസ് പ്രവർത്തകർ ഇരച്ചുകയറി. പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഡി.സി.സി എക്സ്യക്യുട്ടീവ് അംഗം ഷാജഹാനുമായി കളക്ടർ ചർച്ച നടത്തിയതോടെ പ്രതിഷേധം ഹാളിന് പുറത്തേക്ക് മാറി. യോഗം കഴിഞ്ഞ് കളക്ടർ മടങ്ങുന്നതിനിടെയാണ് പ്രതിഷേധം വീണ്ടും ശക്തമായത്.