വീട് വയ്ക്കാന്‍ ലോണ്‍ നല്‍കാന്‍ മത്സരം; വമ്പന്‍ ഓഫറുമായി ഒരു ബാങ്ക് കൂടി

Tuesday 06 May 2025 12:15 AM IST

കൊച്ചി: പുതിയ ഭവന വായ്പകളെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് പലിശയില്‍ 0.4 ശതമാനം ഇളവ് പ്രഖ്യാപിച്ച് പ്രമുഖ പൊതു മേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡ വിപണിയില്‍ മത്സരം ശക്തമാക്കുന്നു. പതിനഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവന വായ്പകള്‍ക്ക് പുതുക്കിയ നിരക്കനുസരിച്ച് എട്ടു ശതമാനം മുതല്‍ പലിശയാണ് ഈടാക്കുന്നത്. വായ്പ എടുക്കുന്നവരുടെ ക്രെഡിറ്റ് സ്‌കോര്‍ പരിഗണിച്ചാകും പലിശ നിശ്ചയിക്കുക. വനിത ഉപഭോക്താക്കള്‍ക്ക് പലിശ നിരക്കില്‍ 0.05 ശതമാനം കുറവുണ്ടാകും.

ഏപ്രിലില്‍ റിസര്‍വ് ബാങ്ക് മുഖ്യ നിരക്കുകളില്‍ വരുത്തിയ മാറ്റത്തിന് ആനുപാതികമായ കുറവ് ഉപഭോക്താക്കള്‍ക്ക് നേരത്തെ കൈമാറിയിരുന്നെന്ന് ബി.ഒ.ബി വക്താവ് പറഞ്ഞു. റിപ്പോ നിരക്കുമായി ബന്ധിതമായ നിലവിലുള്ള ഉപഭോക്താക്കള്‍ക്കാണ് നേട്ടമുണ്ടായത്. വായ്പാ വളര്‍ച്ച ശക്തമാക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ ഉപഭോക്താക്കള്‍ക്ക് പലിശ നിരക്കില്‍ ഇളവ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിസര്‍വ് ബാങ്ക് വീണ്ടും പലിശ കുറച്ചേക്കും

ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും മാന്ദ്യ സാഹചര്യങ്ങളും പരിഗണിച്ച് നടപ്പു സാമ്പത്തിക വര്‍ഷം റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് 1.25 ശതമാനം വരെ കുറച്ചേക്കുമെന്ന് എസ്.ബി.ഐ ഗവേഷണ വിഭാഗത്തിന്റെ പഠന റിപ്പോര്‍ട്ട്. ഇന്ധന വില കുറയുന്നതിനാല്‍ നാണയപ്പെരുപ്പം മൂന്ന് ശതമാനത്തിന് അടുത്തേക്ക് താഴുമെന്നാണ് വിലയിരുത്തുന്നത്. ജൂണ്‍, ആഗസ്റ്റ് മാസങ്ങളിലെ ധന അവലോകന യോഗങ്ങളില്‍ പലിശയില്‍ മുക്കാല്‍ ശതമാനം കുറവുണ്ടായേക്കും. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന സമീപനമാകും റിസര്‍വ് ബാങ്ക് സ്വീകരിക്കുകയെന്നും അവര്‍ പറയുന്നു.