ദേശീയപാതയിൽ ക്രാഷ് ബാരിയർ തകർന്നത് അപകട ഭീഷണിയാകുന്നു

Tuesday 06 May 2025 12:34 AM IST
കൊല്ലം തിരുമംഗലം ദേശീയപാതയിൽ പതിമൂന്ന് കണ്ട പാലത്തിന് സമീപം കഴുതുരുത്തി ആറിന്റെ വശത്ത് സ്ഥാപിച്ചിരുന്ന വാഹനം ഇടിച്ച് തകർത്ത നിലയിൽ

പുനലൂർ: കൊല്ലം- തിരുമംഗലം ദേശീയപാതയിൽ കഴുതുരുട്ടി ആറും ദേശീയപാതയും 13 കണ്ണറ പാലവും സമാന്തരമായി സ്ഥിതിചെയ്യുന്ന ഭാഗത്ത് സുരക്ഷയ്ക്കായി നിർമ്മിച്ച ക്രാഷ് ബാരിയർ തകർന്നത് അപകട ഭീഷണിയാകുന്നു. പോയ വർഷങ്ങളിൽ ഇവിടെ വാഹനങ്ങൾ ക്രാഷ് ബാരിയൽ ഇടിച്ച് അപകടം ഉണ്ടായിട്ടുണ്ട്. ഒന്നോ രണ്ടോ തവണ കൂടി ഈ ഭാഗത്തെ ക്രാഷ് ബാരിയറിൽ വാഹനങ്ങൾ തട്ടിയാൽ തൊട്ടടുത്തുള്ള കഴുതുരുട്ടി ആറ്റിലേക്ക് പതിക്കും. കഴിഞ്ഞ ശബരിമല സീസണിൽ പോലും തകർന്ന ക്രാഷ് ബാരിയർ മാറ്റി പുതിയത് സ്ഥാപിച്ചില്ല. ദേശീയപാതയുടെ വീതി വർദ്ധിപ്പിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ള ഈ ഭാഗത്ത് വലിയ ചരക്ക് വാഹനങ്ങൾക്ക് കഷ്ടിച്ച് സൈഡ് കൊടുക്കുന്നതിനുള്ള സ്ഥലം മാത്രമേയുള്ളൂ.

ഈ പ്രാധാന്യം കണക്കിലെടുത്ത് നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ അധികൃതർ ഇടപെട്ട് ഇവിടെ സുരക്ഷ ഉറപ്പാക്കണം. പശ്ചിമഘട്ട മേഖലയിൽ ദേശീയപാത കടന്നുപോകുന്ന ഭാഗത്ത് നദിക്കും വലിയ കൊക്കകൾക്കും സമീപത്ത് നിർമ്മിച്ച ഒട്ടുമിക്ക ക്രാഷ്ബാരിയറുകളും വാഹനങ്ങൾ ഇടിച്ച് തകർന്ന നിലയിലാണ്. ഇവയെല്ലാം പുനർനിർമ്മിച്ച് സുരക്ഷ ഒരുക്കണം. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് രാവും പകലും ആയിരക്കണക്കിന് ചരക്ക് വാഹനങ്ങളാണ് കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് ഈ പാതവഴി എത്തിക്കൊണ്ടിരിക്കുന്നത്.