പാടങ്ങളിൽ വിത്ത് വിതയ്ക്കേണ്ട, നെൽകൃഷി ലാഭകരമാക്കാൻ കൃഷി വകുപ്പിന്റെ 'ട്രേ ഞാറ്റടി'
ആലപ്പുഴ: കൂലിവർദ്ധനയെയും വിളനഷ്ടത്തെയും അതിജീവിച്ച് നെൽകൃഷി ആദായകരമാക്കാൻ ആവിഷ്കരിച്ച 'ട്രേ ഞാറ്റടി 'പദ്ധതി വ്യാപിപ്പിക്കാൻ കൃഷി വകുപ്പ്. പാടങ്ങളിൽ വിത്ത് വിതയ്ക്കുന്നതിന് പകരം നിരപ്പായ സ്ഥലങ്ങളിൽ ചെറുകളങ്ങളൊരുക്കി വിത്ത് വിതച്ച് ഞാറ് ആക്കുന്നതാണിത്. പിന്നീട് ഞാറ് പായ് പോലെ ചുരുട്ടി പാടങ്ങളിലെത്തിച്ച് യന്ത്രസഹായത്തോടെ നടാം. ഏതിനം നെല്ലും കുറഞ്ഞചെലവിൽ ഞാറാക്കാം. പരിശീലനം ലഭിച്ച രണ്ടുപേർക്ക് രണ്ടു മണിക്കൂർകൊണ്ട് ഒരേക്കർ സ്ഥലത്തേയ്ക്കുള്ള ട്രേ ഞാറ്റടി തയ്യാറാക്കാം.
പാലക്കാടും തൃശൂരും കടയ്ക്കലും കൊട്ടാരക്കരയിലും പരീക്ഷണാടിസ്ഥാനത്തിൽ ആവിഷ്കരിച്ച പദ്ധതി വിജയം. വിത്തിന്റെ അളവ് ഏക്കറിന് 32-40 കിലോഗ്രാമിൽ നിന്ന് 15-20 ആയി കുറയ്ക്കാം എന്നതാണ് പ്രധാന നേട്ടം. വിതയ്ക്കാനും നടാനും തൊഴിലാളികൾ കുറച്ചുമതി. വിത്തിന്റെ നഷ്ടം, ഞാറിന്റെ കേടുപാടുകൾ, കളശല്യം എന്നിവ കുറയ്ക്കാം. കള-കീട-രോഗബാധകൾ കുറവായതിനാൽ വിളവ് വർദ്ധിക്കും.
ഞാറ് തയ്യാറാക്കുന്നത്
ചെറു കളങ്ങളിൽ
10 മീറ്റർ നീളവും 4 മീറ്റർ വീതിയുമുള്ള നിരപ്പായ സ്ഥലത്ത് ഒരുമീറ്റർ വീതിയിലും 10 മീറ്റർ നീളത്തിലും നാല് കളങ്ങൾ തയ്യാറാക്കും. വെള്ളം കയറ്റി ഇറക്കാൻ നാലുചുറ്രും ചാലുകീറി വശങ്ങളിൽ ചെറു സുഷിരങ്ങളിട്ട പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് രണ്ട് സെന്റീമീറ്റർ കനത്തിൽ മണ്ണും ചാണകപ്പൊടിയും തുല്യ അനുപാതത്തിൽ ഇടും. അതിനുമുകളിൽ നിരത്തിയ മണൽ പാളിയിൽ മുളപ്പിച്ച വിത്ത് വിതറും. 18-22 ദിവസം കൊണ്ട് ഞാറ് 6-8 ഇഞ്ചുവരെ വളരും. നാലില പരുവമാകുമ്പോൾ പായ് പോലെ ചുരുട്ടി പാടങ്ങളിലെത്തിക്കും. ചെറു കഷ്ണങ്ങളായി വിതയന്ത്രത്തിൽ വച്ച് ഞാറു നടാം.
75% സബ്സിഡി
ഒരേക്കർ സ്ഥലത്തിന് 80-100വരെ ട്രേ ഞാറ്റടി (വിത്തുൾപ്പെടെ) തയ്യാറാക്കുന്നതിന് ചെലവ് 8,250 രൂപ. വിത്ത് കർഷകർ ലഭ്യമാക്കിയാൽ 7,250 രൂപ. ഇതിന്റെ 75% സബ്സിഡി നൽകും.
''അടുത്ത സീസൺ മുതൽ തൃശൂർ,പാലക്കാട്,ആലപ്പുഴ,കൊല്ലം, കോട്ടയം തുടങ്ങിയ ജില്ലകളിൽ പദ്ധതി വ്യാപിപ്പിക്കാനാണ് ശ്രമം. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സബ്സിഡി സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്
-അസി. ഡയറക്ടർ,
കൃഷി വകുപ്പ്