ഭൂമിക്ക് നഷ്ടപരിഹാരം: വിനിയോഗ മൂല്യം നോക്കി വേണം
റവന്യൂ രേഖകളുടെ മാത്രം അടിസ്ഥാനത്തിലാകരുതെന്ന് ഹൈക്കോടതി
കൊച്ചി: വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത് റവന്യൂ രേഖകളുടെ മാത്രം അടിസ്ഥാനത്തിലാകരുതെന്നും, ഭൂമിയുടെ വിനിയോഗ മൂല്യമടക്കം കണക്കിലെടുക്കമെന്നും ഹൈക്കോടതി. ഏറ്റെടുക്കുന്നതിന് മുമ്പ് ഭൂമി എന്താവശ്യത്തിനാണ് ഉപയോഗിച്ചിരുന്നത്, ഭൂമി സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ സ്വഭാവം, മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, റോഡുകളുടെ സ്വഭാവം, സർക്കാർ നിശ്ചയിച്ചിരിക്കുന്ന ന്യായവില തുടങ്ങിയവയൊക്കെ കണക്കിലെടുത്തു വേണം തീരുമാനമെടുക്കാനെന്നും ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി. കോട്ടയം പേരൂർ സ്വദേശിനി മനോ അലക്‌സ് നൽകിയ ഹർജി അനുവദിച്ചാണ് ഉത്തരവ്. ഇവരുടെ ഉടമസ്ഥതയിലുള്ള ഭൂമി ദേശീയപാത അതോറിറ്റി ഏറ്റെടുക്കുകയും റവന്യൂ രേഖകളിൽ നിലമെന്ന് രേഖപ്പെടുത്തിയത് കണക്കിലെടുത്ത് അതിനനുസരിച്ച് വില നിശ്ചയിക്കുകയും ചെയ്തിരുന്നു. 2019 ലാണ് ഭൂമി ഏറ്റെടുത്ത് വിജ്ഞാപനം ഇറക്കിയത്. ഹർജിക്കാരി 2010 ൽ തന്നെ ഭൂമി ഡേറ്റ ബാങ്കിൽ നിന്ന് മാറ്റാനായി അപേക്ഷ നൽകുകയും ഇത് അനുവദിക്കുകയും ചെയ്തിരുന്നു. റവന്യൂ രേഖകളിൽ മാറ്റം വരുത്താനുള്ള അപേക്ഷയും നൽകിയിരുന്നു. അതിനാൽ പുരയിടമായി പരിഗണിച്ച് നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് വാദിച്ചത്. ഇത് കോടതി അംഗീകരിച്ചു. ഡേറ്റ ബാങ്കിൽ നിന്ന് മാറ്റുന്നതിന്റെ അർത്ഥം, ഭൂമി 2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നിലമല്ലെന്നാണെന്ന് കോടതി വിശദീകരിച്ചു.