കാലവർഷത്തിന് മുമ്പ് നിർമ്മാണ പ്രവർത്തനങ്ങൾ തീർക്കണം
പുനലൂർ: കൊല്ലം- തിരുമംഗലം ദേശീയപാതയിലെ നവീകരണ പ്രവർത്തനങ്ങൾ കാലവർഷത്തിന് മുൻപേ തീർക്കണമെന്ന ആവശ്യം ശക്തമായി. നേരത്തെ ശബരിമല സീസണിൽ ആര്യങ്കാവിൽ ശബരിമല തീർത്ഥാടകൻ വാഹനാപകടത്തിൽ മരണമടഞ്ഞതിനെ തുടർന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പാത പരിശോധിക്കുകയും അപകട സാദ്ധ്യതയുള്ള പ്രദേശങ്ങൾ ബ്ലാക്ക് സ്പോട്ട് ആയി നിശ്ചയിക്കുകയും ചെയ്തിരുന്നു. ഇവിടെ സുരക്ഷ ഉറപ്പാക്കുന്നതിന് നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യയുടെ അംഗീകാരത്തോടെ 1.31 കോടി രൂപ ചെലവഴിച്ചാണ് ഇപ്പോൾ നവീകരണം നടത്തുന്നത്. ആര്യങ്കാവ്, ആര്യങ്കാവ് ചെക്ക് പോസ്റ്റ് ഭാഗം, ഇടമൺ, ഉറുകുന്ന്, തെന്മല എം.എസ്.എൽ ഭാഗം, ആനകുത്തി വളവ്, മുരുകൻ പാഞ്ചാൽ തുടങ്ങിയ ഭാഗങ്ങൾ നിലവിൽ ബ്ലാക്ക് സ്പോട്ട് പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കൊടും വളവുകളുള്ള പല ഭാഗങ്ങളും ഇനി ബ്ലാക്ക് സ്പോട്ട് പട്ടികയിൽ ഉൾപ്പെടാനുമുണ്ട്.
- നിലവാരമുള്ള സൈൻ ബോർഡുകൾ, മുന്നറിയിപ്പ് ബോർഡുകൾ, റിഫ്ലക്റ്ററുകൾ, സ്റ്റഡുകൾ, ക്രാഷ് ബാരിയർ പോലെയുള്ള ബാരിക്കേടുകൾ എന്നിവ സ്ഥാപിക്കണം.
- നിലവിൽ റോഡിന്റെ ഉപരിതലം പൊട്ടിപ്പൊളിഞ്ഞ് കുഴി രൂപപ്പെട്ട ഭാഗങ്ങളിൽ അവ നികത്തണം.
- പതിവായി നീരുറവ നിലനിന്ന് റോഡ് മോശമാകുന്ന ഭാഗങ്ങളിൽ ഇന്റർർലോക്ക് ടൈലുകളും സ്ഥാപിക്കണം.
- 13 കണ്ണറ പാലത്തിന് സമീപം റോഡ് തകർച്ച ഉണ്ടായ ഭാഗത്തും ഇന്റർർലോക്ക് ടൈലുകൾ സ്ഥാപിക്കേണ്ടതായുണ്ട്. തമിഴ്നാട് അതിർത്തിയായ കോട്ടവാസൽ മുതൽ ആര്യങ്കാവ് മേൽപ്പാലം വരെയുള്ള രണ്ട് കിലോമീറ്ററോളം ദൂരത്തിലും ഒരു വശത്ത് വലിയ കുഴികളും കൊക്കയും ആയതിനാൽ ഇവിടെയും ബാരിക്കേടുകൾ സ്ഥാപിക്കണം.