ഉയർന്ന പി.എഫ് പെൻഷൻ നിഷേധം: കാരണം വ്യക്തമാക്കണം
കൊച്ചി: കൂടുതൽ വിഹിതം വാങ്ങിയ ശേഷവും ഉയർന്ന പി.എഫ് പെൻഷൻ നിഷേധിക്കുന്നതിന് കാരണം വ്യക്തമാക്കാൻ ഇ.പി.എഫ്.ഒയ്‌ക്ക് ഹൈക്കോടതി നിർദ്ദേശം. കൊച്ചി റിഫൈനറിയിൽ നിന്ന് വിരമിച്ച ആർ.പുഷ്പയടക്കം ഫയൽ ചെയ്ത ഹർജിയിലാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ ഇടക്കാല ഉത്തരവ്. ഹർജിക്കാർ 16 ലക്ഷം രൂപ ഇ.പി.എഫ്.ഒയിൽ അടച്ചെങ്കിലും ഉയർന്ന പെൻഷൻ അനുവദിച്ചില്ല. പെൻഷൻ ഉയർത്തണമെന്ന് പറയുന്നതിന് കാരണം ബോധിപ്പിക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. തുടർന്നാണ് വിഷയം കോടതിയിലെത്തിയത്.
ഹർജിക്കാരും തൊഴിലുടമയും ജോയിന്റ് ഓപ്ഷൻ നൽകുകയും കൂടുതൽ വിഹിതം സ്വീകരിക്കുകയും ചെയ്തിട്ട് എന്തുകൊണ്ടാണ് ഉയർന്ന പെൻഷൻ നിഷേധിക്കുന്നതെന്ന് വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാൻ കോടതി നിർദ്ദേശിച്ചു. അതുവരെ നിലവിൽ നൽകിയിരിക്കുന്ന നോട്ടീസിൽ തുടർനടപടി പാടില്ല. നോട്ടീസ് ഹാജരാക്കാനും നിർദ്ദേശിച്ചു. വിഷയം 21ന് വീണ്ടും പരിഗണിക്കും.