ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് കാസർകോട്ട് തുടക്കം

Tuesday 06 May 2025 3:03 AM IST

കാസർകോട് :ഓണറേറ്റിയം വർദ്ധനവടക്കം ഉന്നയിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന രാപകൽ സമരയാത്ര കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് പ്രയാണം തുടങ്ങി. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമരയാത്രയുടെ ജില്ലാ സ്വാഗതസംഘം ചെയർമാൻ വി.കെ. രവീന്ദ്രനും കെ.എ.എച്ച് ഡബ്ല്യു എ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദനും ചേർന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദുവിന് പതാക കൈമാറി.

കാസർകോട് സമരനേതാക്കളായ സി.എച്ച് സുജാത, ബി.ഭാരതി,കെ.നളിനി, പി.അക്കമ്മ എന്നിവർ ക്യാപ്റ്റനെ ഹാരമണിയിച്ചു. ഇടതുപക്ഷ സാമൂഹ്യ പ്രവർത്തകൻ ഡോ.ആസാദ് മുഖ്യ പ്രഭാഷണം നടത്തി. എ.കെ.എം അഷറഫ് എം.എൽ.എ , മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, മുൻ പി.എസ്.സി മെമ്പർ അജയകുമാർ കോടോത്ത്, കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് പി.ഹമീദ്, കെ.എസ്.വൈ.എഫ് പ്രസിഡന്റ് ടി.കെ.വിനോദ്, സ്കീം വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യാ അഖിലേന്ത്യാ പ്രസിഡന്റ് ടി.സി.രമ, കെ.എ.എച്ച്.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ,ജില്ലാ സെക്രട്ടറി ബി.സാവിത്രി, കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് പി.പി.കുഞ്ഞമ്പു, സ്കാനിയ കോലായ, കേരള മഹിളാ ഫെഡറേഷൻ സംസ്ഥാന ട്രഷറർ ലക്ഷ്മി തമ്പാൻ എന്നിവർ സംസാരിച്ചു.