അരിയിൽ ഷുക്കൂർ വധക്കേസ്:..... 13 വർഷത്തിനു ശേഷം വിചാരണ തുടങ്ങി

Tuesday 06 May 2025 3:05 AM IST

കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ 13 വർഷത്തിനു ശേഷം കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയിൽ തുടങ്ങി. സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷുമടക്കം എല്ലാ പ്രതികളും ഹാജരായി. 33 പ്രതികളിൽ രണ്ടു പേർ മരിച്ചു. ജയരാജൻ 32-ാംപ്രതിയും രാജേഷ് 33-ാം പ്രതിയുമാണ്.

ഷുക്കൂറിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ഒന്നാം സാക്ഷിയുമായ സക്കറിയയുടെ വിസ്താരമാണ് ഇന്നലെ നടന്നത്. 82 സാക്ഷികളുള്ള കേസിൽ രണ്ടു ഘട്ടമായാണ് വിചാരണ. ആദ്യ ഘട്ടത്തിൽ 21 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കും. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്റെ വാഹനവ്യൂഹത്തിന് കല്ലെറിഞ്ഞെന്നാരോപിച്ച് ഷുക്കൂറിനെ പ്രവർത്തകർ തടങ്കലിൽവച്ച് വിചാരണ ചെയ്ത് കൊന്നെന്നാണ് കേസ്. 2012 ഫെബ്രുവരി 20ന് തളിപ്പറമ്പിലെ ചുള്ളിയോട് വയലിലായിരുന്നു സംഭവം. ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹർജിയിൽ ഹൈക്കോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

കോടതിയിൽ പറയും: ജയരാജൻ

ഷുക്കൂർ വധക്കേസിൽ എല്ലാം കോടതിയിൽ പറയുമെന്ന് പി. ജയരാജൻ. ഇതിനായി വക്കീലിനെ നിയോഗിച്ചിട്ടുണ്ടെന്നും കോടതിയിൽ ഹാജരാകാനെത്തിയപ്പോൾ അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേസ് രാഷ്ട്രീയപ്രേരിതമാണോ എന്ന ചോദ്യത്തിന്, കോടതിയിൽ നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കുമെന്നായിരുന്നു മറുപടി.