50 പ്രീമിയം കഫേകൾ തുറക്കാൻ കുടുംബശ്രീ #അഞ്ചു കഫേകളിലെ വരുമാനം 5 കോടിയായി
കൊല്ലം: ആഡംബര ഹോട്ടലുകളിലേതിന് സമാനമായ സൗകര്യങ്ങളുള്ള 50 പ്രീമിയം കഫേകൾ കൂടി ഒരുവർഷത്തിനുള്ളിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തുടങ്ങും. കുടുംബശ്രീയുടെ മറ്റ് സംരംഭങ്ങളേക്കാൾ വളർച്ചയും വരുമാനവും ഉള്ളതിനാലാണ് കൂടുതൽ പ്രീമിയം കഫേകൾ തുടങ്ങുന്നത്.
13 പ്രീമിയം കഫേകൾ പ്രവർത്തിക്കുന്നുണ്ട്. ഒരുവർഷം പൂർത്തിയാക്കിയ അഞ്ച് കഫേകളുടെ ആകെ വിറ്റുവരവ് അഞ്ച് കോടി പിന്നിട്ടു. കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ പിടിച്ചുനിൽക്കാൻ വിഷമിക്കുമ്പോഴാണ് പ്രീമിയം കഫേകൾക്ക് ഈ നേട്ടം. വില്പന സാദ്ധ്യതയുള്ള സ്ഥലം കണ്ടെത്തിയാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കുടുംബശ്രീ 20 ലക്ഷം രൂപ വരെ വായ്പ തരപ്പെടുത്തി നൽകും. ഒരു കുടുബശ്രീ അംഗത്തിന് മാത്രമായോ സംഘംചേർന്നോ തുടങ്ങാം. ഓരോ കഫേയിലും കുറഞ്ഞത് 25 കുടുംബശ്രീ പ്രവർത്തകർക്ക് ജോലി നൽകണമെന്ന് കർശന നിർദ്ദേശമുണ്ട്.
ധാരാളംപേർ വന്നുപോകുന്ന സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ട് സ്ഥലം ലഭ്യമാക്കാനുള്ള ചർച്ച നടക്കുന്നുണ്ട്. കുടുംബശ്രീയുടെ തനത് വിഭവങ്ങളടക്കം വമ്പൻ ഹോട്ടലുകളിലേതിന് സമാനമായ മെനു, മികച്ച ഇന്റീരിയർ, ഉയർന്ന നിലവാരമുള്ള ഫർണിച്ചറുകൾ, അത്യാധുനിക സൗകര്യങ്ങളുള്ള ടോയ്‌ലെറ്റ്, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ തുടങ്ങിയവയാണ് പ്രീമിയം കഫേകളുടെ സവിശേഷത. സംരംഭകർക്ക് കഫേ നടത്തിപ്പിൽ പ്രത്യേക പരിശീലനവും നൽകും.
ലക്ഷ്യം അംഗങ്ങളുടെ വരുമാനം ഉയർത്തൽ ഒരു കഫേയിൽ 25 പേർക്ക് ജോലി
ഒരാളുടെ കുറഞ്ഞ മാസ വരുമാനം 20000 രൂപ
ഒരുവർഷത്തിനിടയിൽ 1250 പേർക്ക് ജോലി