പൊന്നാനി മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റില്ല, റാമ്പില്ല

Tuesday 06 May 2025 3:13 AM IST

പൊന്നാനി : ഭിന്നശേഷി സൗഹൃദമാകാതെ പൊന്നാനി താലൂക്കിലെ പ്രധാന സർക്കാർ സ്ഥാപനങ്ങൾ. ദിവസവും നിരവധി പേരെത്തുന്ന പൊന്നാനി മിനി സിവിൽ സ്റ്റേഷൻ പോലും ഇതിൽ നിന്നും വ്യത്യസ്തമല്ല. നഗരസഭ പരിധിയിലെയും മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ്, നന്നംമുക്ക്, ആലങ്കോട് പഞ്ചായത്ത് പരിധികളിലെയും താമസക്കാരും ആശ്രയിക്കുന്ന നിരവധി ഓഫീസുകൾ മിനി സിവിൽ സ്റ്റേഷനിലുണ്ട്. രജിസ്‌ട്രേഷൻ ഓഫീസ്, താലൂക്ക് സപ്ളൈ ഓഫീസ്, ഭക്ഷ്യസുരക്ഷാ ഓഫീസ്, എക്‌സൈസ് ഓഫീസ്, ആർ.ടി ഓഫീസ്,എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങൾ മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്നുണ്ട്. കെട്ടിടത്തിൽ ലിഫ്റ്റ് സംവിധാനം വേണമെന്നത് വർഷങ്ങളുടെ പഴക്കമുള്ള ആവശ്യമാണ് നിരവധി വയോജനങ്ങളും ശാരീരിക അവശതകൾ നേരിടുന്നവരും ഇത്തരം സർക്കാർ സ്ഥാപനങ്ങളിലേക്ക് ദിനംപ്രതി എത്തുന്നുണ്ട് . വളരെ കഷ്ട‌പ്പെട്ടാണ് പലരും മുകൾ നിലകളിൽ പ്രവർത്തിക്കുന്ന ഓഫീസുകളിൽ എത്തിപ്പെടുന്നത്. കെട്ടിടത്തിന്റെ മുൻവശത്ത് മാത്രമാണ് റാംമ്പ് സംവിധാനമുള്ളത്. മുകളിലേക്ക് പലർക്കും എത്താൻ പരസഹായം വേണം. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ആർ.ടി ഓഫീസിൽ നിത്യേന ഒരുപാട് പേർ ലേണേഴ്സ് ലൈസെൻസ് ആവശ്യങ്ങൾക്കായി അതിരാവിലെയെത്തും. പ്രായമുള്ളവർക്കടക്കം ഉച്ചയോളം വരി നിൽക്കേണ്ട അവസ്ഥയുമുണ്ട്. ഇവർക്കായി കൂടുതൽ ഇരിപ്പിടങ്ങൾ ഒരുക്കണമെന്ന ആവശ്യമുണ്ട്. നിലവിൽ താഴെ നിലയിൽ മാത്രമാണ് അത്യാവശ്യം കസേരകളുള്ളത്. വാഹനങ്ങളിലെത്തുന്നവർക്ക് വാഹനപാർക്കിംഗ് സൗകര്യവും കുറവാണ്. ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെയാണ് നിലവിൽ സിവിൽ സ്റ്റേഷൻ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നത്.സിവിൽ സ്റ്റേഷന്റെ സമീപത്തു അനക്സ് കെട്ടിടം കൂടി വന്നാൽ പൊതുവെ തിരക്കുള്ള ഈ ഭാഗത്ത് വാഹനം പാർക്കിംഗ് ഉൾപ്പെടെ വലിയ പ്രതിസന്ധിയാണുണ്ടാവുക.

മുകൾ നിലകളിലേക്ക് ഭിന്നശേഷിക്കാർക്ക് കയറണമെങ്കിൽ ആരെങ്കിലും സഹായിക്കണം. ലിഫ്റ്റ് സംവിധാനമോ മുകൾനില വരെ റാമ്പ് സംവിധാനമോ ഒരുക്കണം.

യൂസഫ് പുളിക്കൽ,​ പൊതുപ്രവർത്തകൻ