'ഇത്തവണത്തെ പൂരം ചിതറിക്കും, ആർപ്പോ വിളിച്ച് എല്ലാവരും കയറിക്കോ'; തൃശൂർ ചങ്കിലാണെന്ന് സുരേഷ് ഗോപി

Tuesday 06 May 2025 10:24 AM IST

തൃശൂർ: വടക്കുംനാഥനും പാറമേക്കാവും തിരുവമ്പാടിയും ദേവസ്ഥാനങ്ങളും പൂരപ്പറമ്പുകളുമാണ് ഇന്നത്തെ ഹീറോസ് എന്ന് തൃശൂർ പൂരത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിന്റെ സ്വന്തം എംപിയായ ശേഷമുള്ള ആദ്യ പൂരമാണിത്. മന്ത്രിസ്ഥാനമൊക്കെ ആടയാഭരണമാണ്. സ്ഥാനാർത്ഥിയായിട്ട് മത്സര രംഗത്ത് നിന്നപ്പോഴും പൂരത്തിന് ആസ്വാദകനായാണ് എത്തിയത്. ഇപ്പോൾ ഉത്തരവാദിത്തം കൂടിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

'ഇന്റലിജൻസിന്റെ നിർദേശങ്ങൾ പൊലീസ് കൃത്യമായി അടിച്ചേൽപ്പിക്കുന്നുണ്ട്. അടിച്ചുപൊളിക്കണം, അടിച്ചുപെടയ്‌ക്കണം. സാംപിൾ വെടിക്കെട്ടൊന്നുമല്ല, വരാൻ പോകുന്നതേയുള്ളു. പൂരത്തെപ്പറ്റി പകുതിയിൽ കൂടുതലും പറഞ്ഞുകേട്ട അറിവാണ്. മഠത്തിൽവരവും വെടിക്കെട്ടും മാത്രമാണ് എനിക്ക് ആകെ പരിചയമുള്ളത്. തൃശൂർ ചങ്കിലാണ്, ചങ്കിലാണ് പൂരം. ഇത്തവണത്തെ പൂരം ചിതറിക്കും. ആർപ്പോ വിളിച്ച് എല്ലാവരും കയറിക്കോ', സുരേഷ് ഗോപി പറഞ്ഞു.