പൊയ്ക്കാട്ടുശ്ശേരിക്കാരന് തായ്ലന്റിൽ നിന്ന് വധു !
അങ്കമാലി: നാട്ടിലെ മൈതാനങ്ങളിൽ ഫുട്ബോൾ കളിച്ചുനടന്ന ഓൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ കോച്ചായിരുന്ന പൊയ്ക്കാട്ടശ്ശേരിക്കാരൻ സിന്റോ പോളിന് അങ്ങ് തായ്‌ലൻഡിൽ നിന്ന് വധു. ഗിബ് എന്ന തായ് സുന്ദരിയാണ് സിന്റോയുടെ ജീവിതസഖി. ആറു വർഷം മുമ്പാണ് സിന്റോ തായ്‌ലൻഡിലെത്തിയത്. അവിടെ നിന്നുള്ള സൗഹൃദം വിവാഹത്തിലേക്കെത്തുകയായിരുന്നു. തായ്‌ലൻഡ് കൊറാറ്റ് സിറ്റി സ്‌കൂളിൽ അദ്ധ്യാപകനാണ് മുപ്പതുകാരനായ സിന്റോ. ഇരുപത്താറുകാരി ഗിബ് കൊറാറ്റ് പ്രിസിഷൻ ആൻഡ് കൺസ്ട്രക്ഷൻ എൻജിനിയറിംഗ് കമ്പനിയിൽ മാർക്കറ്റിംഗ് മാനേജരാണ്. ബുദ്ധമതക്കാരിയായ ഗിബും യാക്കോബായ സുറിയാനി ക്രിസ്ത്യാനിയായ സിന്റോയും തായ്‌ലൻഡിൽ വച്ച് ലളിതമായ ചടങ്ങിൽ വിവാഹം രജിസ്റ്റർ ചെയ്തു. വിവാഹാഘോഷം അത്താണി കാരയ്ക്കാട്ടുകുന്ന് സിയോൻ ഹാളിൽ നടന്നു.
ഗിബുവിന്റെ മാതാപിതാക്കളായ കൻഹ മലാഹും വന്ന പായും തായ് റോയൽ പൊലീസിലാണ്. സഹോദരൻ സുഫാ മോൻങ്കോൽ തായ് റോയൽ ആർമിയിലും സേവനം അനുഷ്ഠിക്കുന്നു.
പൊയ്ക്കാട്ടശ്ശേരി പുതശ്ശേരി പൗലോസ്, ഷീല ദമ്പതികളുടെ മൂത്ത മകനാണ് സിന്റോ. സഹോദരൻ സിജോ പോൾ. ബുദ്ധമതാചാരപ്രകാരം കല്യാണപ്പെണ്ണിന് ചെറുക്കന്റെ വീട്ടുകാർ മോശമല്ലാത്ത തുക പാരിതോഷികം കൊടുക്കുന്ന ചടങ്ങുണ്ട്. അതിനൊന്നും പരോഗമന ചിന്താഗതിക്കാരായ മാതാപിതാക്കൾ ശ്രദ്ധ കൊടുത്തില്ല. ഗിബുവിന്റെ വീട്ടുകാരും സുഹൃത്തുക്കളും കേരളീയ വേഷമണിഞ്ഞാണ് ആഘോഷത്തിൽ പങ്കെടുത്തത്. അങ്കമാലി മാങ്ങാക്കറിയും ബീഫും ചിക്കനും പന്നിയും നമ്മുടെ നാടൻ പുഴുക്കലരി ചോറും അവർ സ്വാദോടെ ഭക്ഷിച്ചു. 12 ന് ഇവർ തായ്‌ലൻഡിലേക്ക് തിരിക്കും.