തപാൽവകുപ്പ് പറയുന്നു.. തട്ടിപ്പിൽ വീഴരുതേ
കൊച്ചി: 'ഒരു ലക്ഷത്തിൽ താഴെ മാസശമ്പളം. ആനുകൂല്യങ്ങൾ വേറെ. എട്ട് ലക്ഷം ഇപ്പോൾ മുടക്കിയാൽ അടുത്ത മാസം ജോലി ഉറപ്പ് !' തപാൽ വകുപ്പിൽ ജോലി നൽകാമെന്ന പേരിൽ ഈ വിധം മോഹന വാഗ്ദാനങ്ങൾ നൽകിയാണ് തട്ടിപ്പുകാർ നാടാകെ വിലസുന്നത്. പരാതികൾ ഏറിയതോടെ തട്ടിപ്പിൽ വീഴരുതെന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കേണ്ട സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണ് തപാൽ വകുപ്പ്.
കഴിഞ്ഞ വർഷം അവസാനമാണ് സമാന പരാതിയിൽ എറണാകുളത്തുകാരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാൾ യുവതിയാണ്. ഇവർക്കെതിരെ എറണാകുളത്തും കേസുണ്ട്. തൃശൂർ ആർ.എം.എസിൽ സ്ലോട്ടിംഗ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകൾ ഒഴിവുണ്ടെന്ന് പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. ഉദ്യോഗാർത്ഥികളിൽ നിന്ന് ഒരു ലക്ഷം മുതൽ എട്ട് ലക്ഷം രൂപ വരെ കൈക്കലാക്കി.
ജാഗ്രതാ നിർദ്ദേശം
1. തപാൽ വകുപ്പ് നിർദ്ദിഷ്ട അപേക്ഷാ ഫീസ് ഒഴികെ യാതൊരു ഫീസും ഈടാക്കുന്നില്ല. 2. നിയമന പ്രക്രിയ പൂർണമായും സുതാര്യമാണ്. എല്ലാ ഔദ്യോഗിക അറിയിപ്പുകളും അച്ചടിദൃശ്യ മാദ്ധ്യമങ്ങൾ വഴിയാണ്. 3. ഇന്ത്യ പോസ്റ്റ് ഒരു വ്യക്തിയെയും ഏജൻസിയെയും അധികാരപ്പെടുത്തുന്നില്ല. 4. ജോലി ഓഫറുകളായി എത്തുന്ന ഏജന്റുമാരെക്കുറിച്ച് ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണം:: www.indiapost.gov.in, pmger.keralapost@gmail.
പരാതികളിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആരും തട്ടിപ്പിൽ വീഴരുത്. ജാഗ്രത കൈവെടിയരുത്.
പോസ്റ്റ് മാസ്റ്റർ ജനറൽ മദ്ധ്യമേഖലാ കൊച്ചി