ക്യാൻസർ സെന്റർ 15ന് സജ്ജമാകും  സൂപ്പർ സ്‌പെഷ്യാലിറ്റി ജൂലായിൽ

Wednesday 07 May 2025 12:43 AM IST

കൊച്ചി: മദ്ധ്യകേരളത്തിലെ സാധാരണക്കാരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് കളമശ്ശേരിയിലെ കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ 15ഓടെയും എറണാകുളം മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ജൂലായ് അവസാനത്തോടെയും പൂർണസജ്ജമാകും.

ക്യാൻസർ റിസർച്ച് സെന്റർ, മെഡിക്കൽ കോളേജ് എന്നിവയുടെ നിർമ്മാണ പുരോഗതി അവലോകനം ചെയ്ത ശേഷം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇരു കേന്ദ്രങ്ങളും സന്ദർശിച്ച ശേഷം വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രാഗഡേ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, കൊച്ചിൻ ക്യാൻസർ സെന്റർ ഡയറക്ടർ ഡോ. ബാലഗോപാൽ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. പ്രതാപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീതാനായർ, സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, കിഫ്ബി ടെക്‌നിക്കൽ ഹെഡ് ശ്രീകണ്ഠൻ നായർ, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് ജനറൽ മാനേജർ ഡോ. ഷിബുലാൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

അവസാനഘട്ട പ്രവർത്തനങ്ങൾ

ക്യാൻസർ സെന്ററിന്റെ സിവിൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികൾ ഉൾപ്പെടെ നിർമ്മാണം പൂർത്തിയായി. വൈദ്യുതി കണക്ഷൻ, അഗ്‌നിരക്ഷാ സേനയുടെ എൻ.ഒ.സി തുടങ്ങിയവ ലഭിച്ചു. കുടിവെള്ള കണക്ഷനുള്ള പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഏതാനും അനുമതികൾ കൂടിയാണ് ലഭിക്കാനുള്ളത്. ഇതിനായി യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ആശുപത്രിയിലെ മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിക്കുന്ന ജോലിയും അവസാന ഘട്ടത്തിലാണ്. സ്‌കാനിംഗ് മെഷീനുകൾ ഉൾപ്പെടെ പ്രധാനപ്പെട്ട ഉപകരണങ്ങളെല്ലാം സജ്ജമാക്കി. ബാക്കിയുള്ളവ എത്രയും വേഗം സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. ഓപ്പറേഷൻ തിയേറ്ററുകൾ ഉടൻ പ്രവർത്തനസജ്ജമാക്കും.

മെഡിക്കൽ കോളേജ് മുന്നോട്ട്

മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. 283 കോടി രൂപയുടെ വികസനമാണ് മെഡിക്കൽ കോളേജിൽ നടക്കുന്നത്. സിവിൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികൾ 98 ശതമാനവും പൂർത്തിയായി. ജൂലായ് 30ഓടെ പൂർണസജ്ജമാക്കുന്നതിനായി ഊർജിത പ്രവർത്തനങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ അത്യാധുനിക സൗകര്യങ്ങളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയായി മെഡിക്കൽ കോളേജ് മാറും. ആരോഗ്യമേഖലയിൽ കൊച്ചിയുടെ വൻ കുതിപ്പിനാകും ഇരു പദ്ധതികളും വഴിയൊരുക്കുക.

283 കോടി രൂപയുടെ വികസനമാണ് മെഡിക്കൽ കോളേജിൽ