വിശ്രമിക്കാനില്ല; ഇനി ശ്രദ്ധ പേവിഷ പ്രതിരോധത്തിൽ
ഡോ. തോമസ് മാത്യു
(മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ)
അദ്ധ്യാപകൻ, പ്രിൻസിപ്പൽ, മെഡിക്കൽ എഡ്യുക്കേഷൻ ജോയിന്റ് ഡയറക്ടർ, പിന്നെ ഡയറക്ടർ. സർവീസ് കാലത്തുടനീളം മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് തന്റേതായ കയ്യൊപ്പ് ചാർത്തുകയായിരുന്നു ഡോ. തോമസ് മാത്യു. തിരുവനന്തപുരം തൈക്കാട് മോഡൽ സ്ക്കൂൾ, ആർട്സ് കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പഠിച്ച് കേരളത്തിന്റെ ആരോഗ്യ മേഖലയിൽ നിർണായക സാന്നിദ്ധ്യമായി മാറി. ഡോക്ടറുടെ 37വർഷത്തെ ഔദ്യോഗിക ജീവിതത്തിന് കഴിഞ്ഞ ദിവസം വിരാമമായി. പിന്നിട്ട വഴികളെക്കുറിച്ചും, മനസിലുള്ള പദ്ധതികളെക്കുറിച്ചും ഡോ. തോമസ് മാത്യു 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? കേരളത്തിന്റെ ആരോഗ്യമേഖലയ്ക്കൊപ്പമുള്ള യാത്ര.
1990-ലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട ജോലി കിട്ടി, അദ്ധ്യാപകനായി. കോട്ടയം, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ അദ്ധ്യാപകനായി 27 വർഷം സേവനമനുഷ്ഠിച്ചു. 10 വർഷം പ്രിൻസിപ്പൽ, ജോയിന്റ് ഡി.എം.ഇ, ഡി.എം.ഇ ചുമതകൾ വഹിച്ചു. ഇടുക്കി, തിരുവനന്തപുരം, എറണാകുളം മെഡിക്കൽ കോളേജുകളിലാണ് പ്രിൻസിപ്പലായത്. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗമായതിനാൽ കേരളത്തിന്റെ പൊതുജനാരോഗ്യമേഖല വെല്ലുവിളി നേരിട്ട ഘട്ടങ്ങളിലെല്ലാം നിർണായകമായ ഇടപെടൽ നടത്താൻ സാധിച്ചു. അതെല്ലാം ഫലപ്രാപ്തിയിലെത്തിക്കാനായതിൽ സന്തോഷമുണ്ട്.
? ഔദ്യോഗിക ജീവിതത്തിലെ നിർണായക ഘട്ടങ്ങൾ.
2006 - 2007 കാലത്ത് ചിക്കുൻഗുനിയ പടർന്നുപിടിച്ചപ്പോൾ ഞാൻ ആലപ്പുഴയായിരുന്നു. അന്ന് ഏറ്റവും കൂടുതൽ രോഗികളുണ്ടായതും ആലപ്പുഴയിലായിരുന്നു. ഈ ഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. ഫീൽഡിൽ രോഗികൾക്കിടയിലേക്ക് ഇറങ്ങിയുള്ള പ്രവർത്തനം ഒരേസമയം വെല്ലുവിളിയും പുതിയ അനുഭവവുമായി. പിന്നീട് ഡെങ്കി, ഒടുവിൽ കൊവിഡ് ഇതിനെയെല്ലാം അതിജീവിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ പ്രധാന പങ്കു വഹിക്കാനായി. പകർച്ചവ്യാധികൾ ഓരോന്നായി വരുമ്പോഴും അതിനെ അതിജീവിക്കാൻ കാലാകാലങ്ങളിലുള്ള മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും അകമഴിഞ്ഞ പിന്തുണയാണ് നൽകിയത്.
? പകർച്ചവ്യാധി പ്രതിരോധ മേഖലയിലെ ഇടപെടലുകൾ.
ചിക്കുൻ ഗുനിയയും ഡെങ്കിയും പടർന്നതോടെയാണ് സംസ്ഥാനത്ത് രോഗ നിയന്ത്രണ പ്രതിരോധ സെൽ സർക്കാർ ആരംഭിച്ചത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിലാണത്. സെല്ലിൻെറ നോഡൽ ഓഫീസറായി എന്നെ നിയോഗിച്ചു. പകർച്ചവ്യാധികളെല്ലാം ദൈനംദിനം കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്ന സംവിധാനം ആരംഭിക്കുന്നതിന് ചുക്കാൻ പിടിച്ചു. ആരോഗ്യ വകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ഈ നിർദ്ദേശം നടപ്പാക്കി. കൊവിഡ് കാലത്തെ അനുഭവങ്ങൾ മറക്കാനാകില്ല. ഒരുകൂട്ടം പേർ 24 മണിക്കൂറും ജോലി ചെയ്ത കാലമായിരുന്നു അത്. ഒരുപാടു പേരുടെ ജീവൻ രക്ഷിക്കാൻ ഊണും ഉറക്കവുമില്ലാത്ത ആരോഗ്യപ്രവർത്തകരുടെ സേവനത്തിന് സാധിച്ചു.
? സർവീസ് കാലയളവിലെ പ്രധാന നേട്ടം.
തീർച്ചയായും അത് പേവിഷ പ്രതിരോധത്തിനായി നടത്തിയ ഇടപെടലാണ്. രോഗ നിയന്ത്രണ, പ്രതിരോധ സെല്ലിന്റെ ഭാഗമായിരിക്കെയാണ് പേവിഷ ബാധയ്ക്കെതിരെ തൊലിപ്പുറത്ത് കുത്തിവയ്പ് എടുക്കുന്ന (ഐ.ഡി.ആർ.വി) സംവിധാനം ആരംഭിച്ചത്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം ഏറ്റെടുത്ത് സംസ്ഥാനത്ത് നടപ്പാക്കുകയായിരുന്നു. ഇതിന്റെ ഗൗരവം കണക്കിലെടുത്ത് സർക്കാർ പേവിഷ പ്രതിരോധ വാക്സിൻ സൗജന്യമാക്കി. പേവിഷബാധയ്ക്കുള്ള വാക്സിൻ സൗജന്യമാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. മാത്രമല്ല, 24 മണിക്കൂറും അവധി ദിവസങ്ങളിലും പേവിഷ വാക്സിൻ ആശുപത്രികളിൽ ലഭ്യമാക്കണമെന്ന തീരുമാനമെടുത്ത് ഇപ്പോഴും നിരവധി ആളുകൾക്ക് ആശ്വാസമാകുന്നുവെന്നത് വലിയ നേട്ടമായി കാണുന്നു. 2010-നു മുമ്പ് ശരാശരി 200 പേർ മരിച്ചിരുന്നെങ്കിൽ ഇപ്പോൾ 50-ൽ താഴെയെത്തി.
? മെഡിക്കൽ വിദ്യാഭ്യാസ മേഖല ഇനി കൈവരിക്കേണ്ട ലക്ഷ്യങ്ങൾ.
രണ്ടു മെഡിക്കൽ കോളേജുകളും ഏഴ് നഴ്സിംഗ് കോളേജുകളും സജ്ജമാക്കാൻ കഴിഞ്ഞ അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത്. ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം കാലാനുസൃതമായി ഉയർത്തണം. ഇന്നത്തേക്കു മാത്രമല്ല, നാളത്തേക്കു കൂടിയുള്ള പ്രവർത്തനമാണ് ഈ മേഖലയിൽ നടക്കുന്നത്. നിലവാരമുള്ള അദ്ധ്യാപനവും ചികിത്സയുമാണ് സർക്കാർ ലക്ഷ്യംവയ്ക്കുന്നത്. മന്ത്രിയും വകുപ്പ് സെക്രട്ടറിയുമെല്ലാം ദൈനംദിനം നിരീക്ഷിക്കുന്നുണ്ട്. ക്വാളിറ്റി ഇംപ്രൂവ്മെൻറ് ഇനിഷ്യേറ്റീവ് എന്ന ആശയം തന്നെ മന്ത്രി വീണാജോർജ് മുന്നോട്ടുവച്ചിട്ടുണ്ട്. വിദ്യാർത്ഥികളെ മികച്ച ഡോക്ടർമാരായി പുറത്തിറക്കണം. അതിന് നിസ്വാർത്ഥരായ അദ്ധ്യാപകർ വേണം. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ മൂലധനം ഈ നിസ്വാർത്ഥതയാണ്. അതാണ് വിദേശ രാജ്യങ്ങളിൽ കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് സ്വീകാര്യത വർദ്ധിക്കുന്നത്. മടുത്തുപോകാതെ മുന്നോട്ടുപോകണം.
? റിട്ടയർമെൻറ് കാലം എങ്ങനെയായിരിക്കും.
വിശ്രമിക്കാനില്ല, പേവിഷബാധയേറ്റ് ആരും മരിക്കരുതെന്നതാണ് എന്റെ എക്കാലത്തെയും ആഗ്രഹവും പ്രാർത്ഥനയും. ആ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കാലാനുസൃതമായി ഈ രംഗത്ത് വരുത്തേണ്ട കാര്യങ്ങളെക്കുറിച്ച് നിരന്തരം പഠിച്ച് സമൂഹത്തിന് ഗുണകരമാക്കി മാറ്റും. മലപ്പുറത്ത് അഞ്ചുവയസുകാരി പേവിഷബാധയേറ്റ് മരിച്ചുവെന്ന വേദനാജനകമായ വാർത്തകേട്ടാണ് ഞാൻ പടിയിറങ്ങിയത്. അത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. പക്ഷേ തലയിൽ ഉൾപ്പെടെ കടിയേറ്റാൽ വൈറസ് അതിവേഗം തലച്ചോറിലെത്തും പിന്നെ ഒന്നും ചെയ്യാനാകില്ല. പരമാവധി നേരത്തേ വാക്സിനെടുത്ത് പ്രതിരോധം തീർക്കുക മാത്രമാണ് പോംവഴി. നായ്ക്കളെ ഉൾപ്പെടെ പേവിഷമുക്തമാക്കണം. ഇത്തരം പ്രവർത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
? കലാജീവിതം...
1993 മുതൽ 'നർമ്മകൈരളി"യിൽ ലഘുനാടകങ്ങൾ ചെയ്യാൻ തുടങ്ങി. മാസത്തിൽ ഒരെണ്ണം നിർബന്ധമായിരുന്നു. പ്രിൻസിപ്പലായപ്പോൾ അത് കുറഞ്ഞു. ഡി.എം.ഇ ആയതോടെ പൂർണമായി നിലച്ചു. കൊവിഡ് കാലത്തോടെ 'നർമ്മകൈരളി" ഓൺലൈനായി. 1993 മുതൽ 2022 വരെ മുന്നൂറോളം നാടകങ്ങൾ ചെയ്തു. പുതിയ കാലത്ത് നാടകങ്ങളെക്കാൾ റീൽസിന് സ്വീകാര്യത കിട്ടുമെന്നു തോന്നുന്നു. 'നർമ്മകൈരളി"യെയും സജീവമാക്കണം. നാടകത്തിൽ വയലാ വാസുദേവൻ പിള്ള, സിനിമയിൽ ബാലചന്ദ്ര മേനോൻ, ഹാസ്യരംഗത്ത് സുകുമാർ എന്നിവരാണ് എന്റെ ഗുരുക്കന്മാർ.
വിളംബരം, അച്ചുവേട്ടന്റെ വീട്, ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്, നയം വ്യക്തമാക്കുന്നു തുടങ്ങിയ സിനിമകളിൽ ബാലചന്ദ്രമേനോന്റെ അസോസിയേറ്റായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ കൂടെയായതിനാൽ സിനിമയുടെ എല്ലാ മേഖലയെക്കുറിച്ചും പഠിക്കാനായി. നയം വ്യക്തമാക്കുന്നു എന്ന സിനിമ കഴിഞ്ഞപ്പോഴാണ് ജോലികിട്ടിയത്. ഇനിയെല്ലാം പഴയതു പോലെയാകണം.സമ്മർദ്ദങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകാനും ജോലിയിൽ നല്ലരീതിയിൽ പ്രവർത്തിക്കാനും എന്റെയുള്ളിലെ കലാബോധം സഹായിച്ചിട്ടുണ്ട്. മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞാൽ അവരുടെ സാഹചര്യം മനസിലാക്കാൻ പഠിച്ചതും അതിലൂടെയാണ്.