ആപ്പിൾ ടി.വി ടെിലിവിഷൻ സീരീസിൽ കേരളം
തിരുവനന്തപുരം: ആഗോള ടൂറിസം കേന്ദ്രമെന്ന നിലയിൽ കേരളത്തിന് ഊർജമേകി ആപ്പിൾ ടിവിയുടെ 'കാർ ആൻഡ് കൺട്രി: ക്വസ്റ്റ്' ടെലിവിഷൻ സീരീസ്. കേരള ടൂറിസത്തിന്റെ സഹകരണത്തോടെ യു.കെയിലെ സെർച്ച്‌ലൈറ്റ് പ്രൊഡക്ഷൻസ് നിർമ്മിച്ച സീരീസിന്റെ ട്രെയ്ലർ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു.
ആഡംബര ഓഫ്‌റോഡ് കാറുകളിലും റോയൽ എൻഫീൽഡ് ബൈക്കുകളിലുമായി കേരളത്തിലും ഇറ്റലിയിലും യാത്ര ചെയ്യുന്ന എപ്പിസോഡുകളാണ് സീരീസിലുള്ളത്. അവാർഡ് ജേതാവായ ഷാർലറ്റ് ഫാന്റല്ലി സംവിധാനം ചെയ്ത് ബ്രാൻഡഡ് സ്റ്റുഡിയോസ് നിർമ്മിച്ച സീരീസിന് ആറ് ഭാഗങ്ങളാണുള്ളത്. ഓരോ എപ്പിസോഡിനും അര മണിക്കൂർ ദൈർഘ്യമുണ്ട്. പ്രധാന സ്ഥലങ്ങളിലൂടെയുള്ള യാത്രകളിലൂടെയും വിവരണങ്ങളിലൂടെയുമാണ് സീരീസ് മുന്നോട്ട് പോകുന്നത്. റേസിംഗ് ഡ്രൈവറും ഫോർമുല വൺ ചാമ്പ്യൻ ജെയിംസ് ഹണ്ടിന്റെ മകനുമായ ഫ്രെഡി ഹണ്ട്, ഫോർമുല വൺ ചാമ്പ്യൻ നിക്കി ലൗഡയുടെ മകൻ മാറ്റിയാസ് ലൗഡ, ദീപക് നരേന്ദ്രൻ, ആഷിഖ് താഹിർ എന്നിവരാണ് യാത്രികർ.