ഇന്ത്യ നാലാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് ഐ.എം.എഫ്

Wednesday 07 May 2025 12:02 AM IST

നടപ്പു സാമ്പത്തിക വർഷം ജപ്പാനെ മറികടക്കും

കൊച്ചി: നടപ്പു സാമ്പത്തിക വർഷം ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് രാജ്യാന്തര നാണയ നിധിയുടെ(ഐ.എം.എഫ്) റിപ്പോർട്ട്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം(ജി.ഡി.പി) 2025-26 വർഷത്തിൽ 4,28,701.7 കോടി ഡോളറാകുമെന്നാണ് ഐ.എം.എഫിന്റെ ആഗോള സാമ്പത്തിക ഔട്ട്ലുക്ക് റിപ്പോർട്ടിലെ പ്രവചനം. ഇക്കാലയളവിൽ ജപ്പാന്റെ ഡി.ജി.പി 4,18,643.1 കോടി ഡോളറായിരിക്കുമെന്നും വിലയിരുത്തുന്നു. സ്വകാര്യ ഉപഭോഗത്തിലെ വർദ്ധനയും ഗ്രാമീണ, കാർഷിക മേഖലകളുടെ വളർച്ചയും ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന് ഉണർവേകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

30,50,721.7 കോടി ഡോളർ മൂല്യവുമായി അമേരിക്ക ഒന്നാം സ്ഥാനം നിലനിറുത്തും. 19,23,170.5 കോടി ഡോളർ ജി.ഡി.പി മൂല്യവുമായി ചൈന രണ്ടാം സ്ഥാനത്തും 4,74,480.4 കോടി ഡോളറുമായി ജർമ്മനി മൂന്നാം സ്ഥാനത്തുമാകും. യുവജനങ്ങളുടെ ജനസംഖ്യയിലുണ്ടായ വർദ്ധനയാണ് ഇന്ത്യയുടെ പ്രധാന കരുത്ത്.