ബാങ്ക് ഒഫ് ബറോഡയുടെ അറ്റാദായം ഉയർന്നു
Wednesday 07 May 2025 12:03 AM IST
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവിൽ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡയുടെ അറ്റാദായം 3.3 ശതമാനം ഉയർന്ന് 5,048 കോടി രൂപയായി. ട്രഷറി വരുമാനത്തിലുണ്ടായ വർദ്ധനയാണ് പ്രധാനമായും നേട്ടമായത്. ട്രഷറി വരുമാനം ഇരട്ടിയിലധികം ഉയർന്ന് 1,559 കോടി രൂപയായി. അറ്റ പലിശ വരുമാനം 6.6 ശതമാനം കുറഞ്ഞ് 11,020 കോടി രൂപയായി. ഇടപാടുകളുടെ ഫീസ്, കമ്മീഷൻ, ട്രഷറി തുടങ്ങിയ പലിശ ഇതര വരുമാനം 24.3 ശതമാനം ഉയർന്ന് 5,210 കോടി രൂപയിലെത്തി.
ആഭ്യന്തര വായ്പകൾ 13 ശതമാനം ഉയർന്ന് 10.2 ലക്ഷം കോടി രൂപയായി. നിക്ഷേപം 10.3 ശതമാനം വർദ്ധനയോടെ 14.72 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലേക്ക് ഓഹരി ഉടമകൾക്ക് 8.35 രൂപയുടെ ലാഭവിഹിതവും ബാങ്ക് പ്രഖ്യാപിച്ചു.