യെമനിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേൽ, 24 മണിക്കൂറിനിടെ തിരിച്ചടി നൽകുന്നത് രണ്ടാം തവണ

Tuesday 06 May 2025 9:08 PM IST

സനാ: ഇസ്രയേലിലെ ബെൻ ഗുരിയോൻ വിമാനത്താവളത്തിന് സമീപം ഹൂതികൾ ആക്രമണം നടത്തിയതിന് പിന്നാലെ 24 മണിക്കൂറിൽ രണ്ടുവട്ടം തിരിച്ചടിച്ച് ഇസ്രയേൽ. യെമനിലെ സനാ വിമാനത്താവളത്തിൽ അൽപം മുൻപ് ഇസ്രയേൽ വ്യോമസേന കനത്ത ആക്രമണം നടത്തി. സനാ വിമാനത്താവളം പൂർണമായി പ്രവർത്തനരഹിതമാക്കിയതായി ഇസ്രയേൽ അവകാശപ്പെട്ടു. മൂന്ന് യാത്രാവിമാനങ്ങളും ഡിപ്പാർച്ചർ ഹാളും റൺവേയും മിലിറ്ററി എയർബേസുമാണ് തങ്ങൾ ലക്ഷ്യം വച്ചതെന്നും അവർ അറിയിച്ചു.

ഞായറാഴ്‌ച യെമനിലെ ഹൂതികൾ നടത്തിയ മിസൈലാക്രമണത്തിന് മറുപടിയായി യെമനി തുറമുഖ നഗരമായ ഹുദൈദ തിങ്കളാഴ്‌ച ഇസ്രയേൽ ആക്രമിച്ചിരുന്നു. കഴിഞ്ഞവർഷം ഡിസംബറിലും സനാ വിമാനത്താവളം ഇസ്രയേൽ ലക്ഷ്യമിട്ടിരുന്നു. ഇന്നലെ നടന്ന ആക്രമണത്തിൽ 20 യുദ്ധവിമാനങ്ങളാണ് ഹുദൈദയിൽ നാശംവിതച്ചത്. ഹൂതികളുടെ പ്രധാനപ്രവർത്തനമേഖലയിൽ തന്നെയായിരുന്നു ആക്രമണം. ഇറാനിൽ നിന്നെത്തിക്കുന്ന ആയുധങ്ങൾ വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകാൻ ഹുദൈദ വഴിയാണ് ഉപയോഗിച്ചിരുന്നതെന്ന് ഇസ്രയേൽ ആരോപിച്ചു.

ഇന്ന് സനയിലെ വൈദ്യുതി വിതരണകേന്ദ്രങ്ങളിലും കനത്ത ആക്രമണം നടത്തിയെന്നാണ് ഇസ്രയേൽ വാദം. ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടിയില്ലാതെ പോകില്ലെന്നും യെമൻ ഗാസയെ ഇനിയും പിന്തുണയ്‌ക്കുമെന്നും ഹൂതികൾ ഇന്നത്തെ ആക്രമണത്തോട് പ്രതികരിച്ചു.