ബിജു ഇരവിപേരൂരിന്റെ അകാലവിയോഗം വിശ്വസിക്കാനാകാതെ... 

Wednesday 07 May 2025 12:13 AM IST
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം ബിജു ഇരവിപേരൂർ

തിരുവല്ല : ശ്രീനാരായണ പ്രസ്ഥാനങ്ങളിലും പൊതുരംഗത്തും സജീവമായിരുന്ന ബിജു ഇരവിപേരൂരിന്റെ അകാലവിയോഗം നാടിന് നൊമ്പരമായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് അദ്ദേഹത്തിന്റെ മരണം നാടറിഞ്ഞത് ഞെട്ടലോടെയാണ്. മകന്റെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തവരോടെല്ലാം ആഹ്ലാദത്തോടെ സ്നേഹം പങ്കിട്ടുമടങ്ങിയ ബിജുവിന്റെ വിയോഗം പലർക്കും വിശ്വസിക്കാനായില്ല.

ഇരവിപേരൂർ കുംബ്ലേമണ്ണിൽ പിതാവ് കെ.അയ്യപ്പന്റെ സമുദായപ്രവർത്തനം ചെറുപ്പം മുതലേ കണ്ടുവളർന്ന ബിജു ശാഖയുടെ യൂത്ത്മൂവ്മെന്റ് പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. എസ്.എൻ.ഡി.പിയോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആത്മസമർപ്പണവും ഇച്ഛാശക്തിയും ബിജുവിനെ ഏറെ ആകർഷിച്ചു. യൂത്ത്മൂവ്മെന്റ് പ്രവർത്തനങ്ങളിൽ സജീവമായ ബിജുവിനെ ഇരവിപേരൂർ ശാഖയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു.രണ്ടാംതവണയും ശാഖയുടെ സാരഥിയായി. യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം, യൂണിയൻ കൗൺസിലർ എന്നീ നിലകളിലും ശോഭിച്ചു. ബിജുവിന്റെ സമുദായസ്നേഹവും സംഘടനാശേഷിയും ബോധ്യപ്പെട്ട എസ്.എൻ.ഡി.പിയോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, തിരുവല്ല യൂണിയന്റെ പ്രതിസന്ധിഘട്ടത്തിൽ ബിജുവിനെ ചെയർമാനായി ചുമതലയേൽപ്പിച്ചു. പിന്നീട് യൂണിയൻ പ്രസിഡന്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഒന്നര പതിറ്റാണ്ടിലേറെയായി തിരുവല്ലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് നിറസാന്നിദ്ധ്യമായി ബിജു ഇരവിപേരൂർ മാറി. ഗ്രാമീണമേഖലയിൽ നിന്ന് ബിസിനസ് സ്വപ്നം കണ്ടുവളർന്ന അദ്ദേഹം അച്ചൂസ് ഗ്രൂപ്പ് എന്ന വ്യവസായ സ്ഥാപനത്തെ വിസ്മയമാംവിധം വളർത്തി വലുതാക്കി. സാമൂഹ്യ, സാംസ്കാരിക മേഖലകളിലും നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ വേർപാട് നാടിനാകെ വലിയനഷ്ടമായി.

തിരുവല്ല യൂണിയൻ കമ്മിറ്റി അനുശോചിച്ചു തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ മുൻ പ്രസിഡന്റ് ഇരവിപേരൂർ വള്ളംകുളം കുംബ്ലേമണ്ണിൽ കെ.എ.ബിജുവിന്റെ വിയോഗത്തിൽ തിരുവല്ല യൂണിയൻ അനുശോചിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, അസി.സെക്രട്ടറി പി.എസ്.വിജയൻ, കൺവെൻഷൻ വർക്കിംഗ് ചെയർമാൻ സന്തോഷ് ഐക്കരപ്പറമ്പിൽ, സ്വാഗതസംഘം കൺവീനർ അഡ്വ.അനീഷ് വി.എസ്, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ അനീഷ് ആനന്ദ്, പെൻഷൻ കൗൺസിൽ കൺവീനർ പത്മജ സാബു, യൂണിയൻ എംപ്ലോയീസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ, കൺവീനർ സന്തോഷ്.എസ്, വൈദികയോഗം സെക്രട്ടറി സുജിത്ത് ശാന്തി, രക്ഷാധികാരി ഷാജി ശാന്തി, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, സൈബർസേന ചെയർമാൻ സനോജ് കളത്തുങ്കൽ മുറിയിൽ, കൺവീനർ ബിബിൻ ബിനു എന്നിവർ അനുശോചനം രേഖപ്പെടുത്തി.

യൂണിയൻ ഓഫിസിൽ ഇന്ന് പൊതുദർശനം കെ.എ.ബിജുവിന്റെ ഭൗതികശരീരം ഇന്ന് ഉച്ചയ്ക്ക്ശേഷം 2.30 മുതൽ തിരുവല്ല എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപയാത്രയായി വള്ളംകുളത്തെ വീട്ടിലെത്തിക്കും.