നന്തൻകോട് കൂട്ടക്കൊല: വിധി എട്ടിന്

Wednesday 07 May 2025 4:30 AM IST

തിരുവനന്തപുരം: മാതാപിതാക്കളും സഹോദരിയുമടക്കം നാലുപേരെ വെട്ടിക്കൊന്ന് തീയിട്ട കേഡൽ ജീൻസൺ രാജയ്‌ക്ക് ശിക്ഷ വിധിക്കുന്നത് എട്ടിലേക്ക് മാറ്റി. ആറാം അഡിഷണൽ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്. നന്തൻകോട് ക്ലിഫ് ഹൗസിനു സമീപം ബെയിൽസ് കോമ്പൗണ്ടിൽ ഡോ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ ഡോ. കരോലിൻ, ജീൻ പത്മയുടെ ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. 2017ഏപ്രിൽ ഒമ്പതിനായിരുന്നു സംഭവം. വിദേശത്ത് മെഡിസിൻ പഠനത്തിനിടെയാണ് കേഡൽ ആസ്ട്രൽ പ്രൊജക്ഷനിൽ ആകൃഷ്ടനായത്. കൊലയ്‌ക്ക് മുൻപ് പ്രതി മാതാപിതാക്കൾക്കും സഹോദരിക്കും ബന്ധുവിനും കീടനാശിനി കലർത്തിയ ഭക്ഷണം നൽകിയിരുന്നു. ഛർദ്ദിച്ച് തളർന്ന ഇവരെ വെട്ടിക്കൊന്നശേഷം വീട്ടിലിട്ട് കത്തിക്കുകയായിരുന്നു.