ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ, പദയാത്ര സംഗമം ഇന്ന്, ചെമ്പെടുപ്പ് നാളെ

Wednesday 07 May 2025 12:58 AM IST

ചന്ദനപ്പള്ളി : ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്ന ആഗോള തീർത്ഥാടന കേന്ദ്രമായ വലിയ പള്ളിയിലേക്ക് പദയാത്രികരായി വിശ്വാസികൾ ഇന്ന് എത്തിച്ചേരും. സഭയിലെ തുമ്പമൺ, അടൂർ, കൊല്ലം, നിലയ്ക്കൽ ഭദ്രാസനങ്ങളിലെ പ്രധാന ദേവാലയങ്ങളിൽ നിന്നുള്ള പദയാത്രികർക്ക് ചന്ദനപ്പള്ളി ജംഗ്ഷനിൽ പൗരാവലിയുടെ സ്വീകരണം നൽകും. തുടർന്ന് കത്തിച്ച മെഴുകുതിരികളുമായി ദേവാലയത്തിലെ തിരുശേഷിപ്പ് കബറിങ്കൽ എത്തി പ്രാർത്ഥനകൾ അർപ്പിക്കും.

ഇന്ന് 6.45ന് കുര്യാക്കോസ് മാർ ക്ലിമ്മിസ് വലിയ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, 10ന് പൊന്നിൻ കുരിശ് സമർപ്പണം, 10.30ന് സെന്റ് ജോർജ് ശ്രെയ്ൻ എഴുന്നള്ളിപ്പ്, 3ന് പദയാത്രസംഗമം, 6ന് സന്ധ്യ നമസ്‌കാരം, ശ്ലൈഹിക വാഴ്വ്, 8ന് രാത്രി റാസ, തുടർന്ന് ഗാനമേള.

നാളെ ആറിന് ചെമ്പിൽ അരി ഇടീൽ, 7ന് കാതോലിക ബാവയുടെ മുഖ്യ കാർമികത്വത്തിലും കുര്യാക്കോസ് മാർ ക്ലിമ്മിസ് വലിയ മെത്രാപ്പോലിത്ത, ഡോ. യൂഹാനോൻ മാർ ദിമത്രിയോസ്, ഡോ.എബ്രഹിം മാർ സെറാഫിം എന്നിവരുടെ സഹകാർമികത്വത്തിലും മൂന്നന്മേൽ കുർബാന, 11ന് തീർത്ഥാടക സംഗമം പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. കാതോലിക്ക ബാവ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകൻ ബ്ലെസ്സിക്ക് ഓർഡർ ഓഫ് സെന്റ് ജോർജ് നൽകി ആദരിക്കും. മന്ത്രി വീണാജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സഭ സെക്രട്ടറി ബിജു ഉമ്മൻ, വൈദിക ട്രസ്റ്റി ഫാ.തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റീ റോണി വർഗീസ്, ജോൺസൺ കല്ലിട്ടതിൽ കൊറേപ്പിസ്‌കോപ്പ എന്നിവർ പ്രസംഗിക്കും. 3ന് ചെമ്പെടുപ്പ് റാസ, മന്ത്രി പി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. 5ന് ചന്ദനപ്പള്ളി ചെമ്പെടുപ്പ്, 8ന് താളവിസ്മയം, നാടകം എന്നിവ നടക്കും. 11ന് കൊടിയിറക്കോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

ഇന്നലെ ക്രൈസ്തവ സാഹിത്യ സംഗമം നടന്നു. ഫാ.ഡോ.കെ എം ജോർജ് ഉദ്ഘാടനം ചെയ്തു. പോൾ മണലിൽ അദ്ധ്യക്ഷത വഹിച്ചു.