വേനൽ മഴ : കാർഷിക നഷ്ടം രണ്ട് കോടി

Wednesday 07 May 2025 12:01 AM IST

പത്തനംതിട്ട : വേനൽ മഴയിൽ ജില്ലയിൽ ഇതുവരെ രണ്ടുകോടി രൂപയുടെ നഷ്ടം കർഷകർക്കുണ്ടായി. മഴ ഇനിയും തുടർന്നാൽ കൂടുതൽ നഷ്ടം നേരിടേണ്ടിവരുമെന്ന ആശങ്കയുമുണ്ട്. 888 കർഷകർക്കാണ് നഷ്ടമുണ്ടായത്. 157 ഹെക്ടർ കൃഷിയാണ് പൂർണമായി നശിച്ചത്. വേനൽ മഴ തുടങ്ങിയ മാർച്ചിൽ മാത്രം 1.1 കോടിയുടെ നഷ്ടം ജില്ലയിലുണ്ടായി. ഒരുമാസം കൂടി പിന്നിട്ടപ്പോൾ വീണ്ടും ഒരു കോടിരൂപയുടെ നഷ്ടമുണ്ടായി. മാർച്ചിൽ 491 കർഷകർക്ക് 18.78 ഹെക്ടർ കൃഷിയാണ് നശിച്ചത്. രണ്ട് മാസം പിന്നിടുമ്പോൾ 888 കർഷകരുടെ കൃഷി നശിച്ചിട്ടുണ്ട്. വാഴകൃഷിയാണ് നശിച്ചതിലേറെയും. ഇരുപതിനായിരത്തിലധികം വാഴ വേനൽ മഴയിലും കാറ്റിലും നശിച്ചിട്ടുണ്ട്. റബർ, കപ്പ, പച്ചക്കറികൾ, കുരുമുളക് എന്നിവയും വ്യാപകമായി നശിച്ചു. നെല്ലും വ്യാപകമായി നശിച്ചിട്ടുണ്ട്. പന്തളം മാവരപ്പാടത്ത് പത്ത് ഹെക്ടർ നെല്ലാണ് കഴിഞ്ഞ ദിവസം വെള്ളത്തിൽ മുങ്ങിയത്. വിളഞ്ഞ നെല്ല് കൊയ്യാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് നെൽകർഷകർ.

വേനൽമഴ ഇതുവരെയുള്ള കണക്ക്

ആകെ നഷ്ടം : 2 കോടി

കർഷകർ : 888 കർഷകർ

2 കോടി രൂപയുടെ നഷ്ടം

വേനൽമഴ കഴിഞ്ഞിട്ടില്ലാത്തതിനാൽ ഇനിയും നഷ്ടം കൂടിയേക്കും. വന്യമൃഗശല്യം കാരണവും ധാരാളം കൃഷി നശിക്കുന്നുണ്ട്.

കൃഷി ഓഫീസ് അധികൃതർ