കൊവിഡ് കാലത്ത് സ്ഥാപിച്ച പി.എം കെയർ ഓക്സിജൻ പ്ലാന്റ് നോക്കുകുത്തി

Wednesday 07 May 2025 12:09 AM IST
കേന്ദ്ര പദ്ധതിയിൽ കാൽ കോടിയിലധികം രൂപ ചിലവഴിച്ചു ജില്ലാ ആശുപത്രിയിൽ നിർമ്മിച്ച ഓക്സിജൻ പ്ലാന്റ്

കാസർകോട്: കൊവിഡ് കാലത്ത് പ്രധാനമന്ത്രിയുടെ കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ലക്ഷങ്ങൾ ചിലവഴിച്ചു സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് നോക്കുകുത്തിയായി.

രാജ്യത്തെ മുഴുവൻ ജില്ലാ സർക്കാർ ആശുപത്രികളിലും കൊവിഡ് രോഗികൾക്ക് ഓക്സിജൻ സൗകര്യം ഒരുക്കുന്നതിന് തയ്യാറാക്കിയ കേന്ദ്ര പദ്ധതി പ്രകാരമാണ് ഇവിടെയും ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചത്. കേരളത്തിൽ 14 ജില്ലകളിലും ഇതുപോലെ പ്ലാന്റ് സ്ഥാപിച്ചിരുന്നു. എന്നാൽ ജില്ലാ ആശുപത്രിയുടെ ആവശ്യത്തിനായി ഈ ഓക്സിജൻ പ്ലാന്റ് ഒരുതരത്തിലും പ്രയോജനപ്പെട്ടിരുന്നില്ല. നിലവിൽ ജില്ലാ ആശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യമായ ഓക്സിജൻ സിലിണ്ടറുകൾ പുറത്തുനിന്ന് വാങ്ങിയാണ് ഉപയോഗിക്കുന്നത്.

ഈ പ്ലാന്റ് പ്രവർത്തനസജ്ജമായിരുന്നെങ്കിൽ ഭാരിച്ച തുക നൽകി സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് ഓക്സിജൻ വാങ്ങുന്നത് മൂലമുണ്ടാകുന്ന ചിലവ് കുറക്കാൻ കഴിയുമായിരുന്നു. കൊവിഡ് കാലത്ത് രോഗികൾക്ക് ഓക്സിജൻ കിട്ടാതെ നട്ടംതിരിയുന്ന അവസ്ഥയിൽ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ശക്തമായി ഇടപെട്ടാണ് ഓക്സിജൻ കിട്ടുന്ന സൗകര്യം അന്നുണ്ടാക്കിയത്.

ജില്ലാ ആശുപത്രിക്ക് വടക്കുഭാഗത്തായി ചെറിയൊരു ഷെഡ് ഒരുക്കിയാണ് പ്ലാന്റ് നിർമ്മിച്ചത്. ഇത്രയും വർഷമായിട്ടും ഈ പ്ലാന്റിൽ നിന്ന് ഓക്സിജൻ ഉത്പാദിപ്പിക്കുന്നതിനോ കേടുപാടുകൾ സംഭവിച്ചാൽ ആവശ്യമായ അറ്റകുറ്റപ്പണി നടത്തുന്നതിനോ പദ്ധതി തയ്യാറാക്കി ഫണ്ട് നൽകിയവർ ഒരാളെ പോലും നിയമിച്ചിരുന്നില്ല. ജില്ലാ ആശുപത്രിയിൽ നിലവിലുള്ള ഇലക്ട്രീഷ്യൻ ആണ് തുടക്കത്തിൽ ഓക്സിജൻ പ്ലാന്റിന്റെ പ്രവർത്തനം കൈകാര്യം ചെയ്തിരുന്നത്. എന്നാലിപ്പോൾ വർഷങ്ങളായി പ്രവർത്തനം നിലച്ചു വെറുതെ കിടക്കുകയാണ് കാൽ കോടിയിൽ പരം രൂപ ചിലവിട്ട് സ്ഥാപിച്ച ഈ പ്ലാന്റ്.

പാഴായത് 27.64 ലക്ഷം രൂപ

2021 ആഗസ്ത് 25ന് ഉദ്‌ഘാടനം ചെയ്ത ഓക്സിജൻ പ്ലാന്റിൽ ഒരുക്കിയ വിലകൂടിയ ഉപകരണങ്ങളെല്ലാം തുരുമ്പെടുത്തു. പ്രവർത്തനം തുടങ്ങിയപ്പോൾ തന്നെ തകരാർ സംഭവിച്ചതാണ് പ്രയോജനം കിട്ടാതെ പോയത്. 980 എൽ.പി.എം കപ്പാസിറ്റിയുള്ളതാണ് ഓക്സിജൻ പ്ലാന്റ്. കണക്ടർ വർക്ക് ചെയ്യാത്തതിനാലാണ് പ്ലാന്റിന്റെ പ്രവർത്തനം നിലച്ചത്. പ്യുരിറ്റി കുറവായതിനാൽ ജില്ലാ ആശുപത്രിയുമായി ഇതിനെ ബന്ധപ്പെടുത്താനും കഴിഞ്ഞില്ല. ഫലത്തിൽ 27.64 ലക്ഷം രൂപ മുടക്കിയ പദ്ധതി പാഴാവുകയും ചെയ്തു.