മ്യൂണിക്കിലേക്കുള്ള വാതിൽ  തുറക്കുന്നത് ആർക്കുമുന്നിൽ ?

Tuesday 06 May 2025 11:12 PM IST

ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയിൽ ആഴ്സനൽ ഇന്ന് പാരീസ് എസ്.ജിയെ നേരിടുന്നു

ആദ്യ പാദസെമിയിൽ 1-0ത്തിന് ജയിച്ചത് പാരീസ്, രണ്ടാം പാദ മത്സരവേദി പാരീസ്

പാരീസ് എസ്.ജി Vs ആഴ്സനൽ

രാത്രി 12.30 മുതൽ

സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ

പാരീസ് : മ്യൂണിക്കിൽ നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ കളിക്കാൻ ടിക്കറ്റ് കിട്ടുക പാരീസ് സെന്റ് ജെർമ്മയ്നോ ആഴ്സനലിനോ ?. ഇന്ന് രാത്രി പാരീസിന്റെ തട്ടകത്തിൽ നടക്കുന്ന രണ്ടാം പാദ സെമിഫൈനലിൽ തോൽക്കാതിരുന്നാൽ മാത്രം മതി പാരീസിന് മുന്നിൽ മ്യൂണിക്കിലേക്കുള്ള വാതിൽ തുറക്കപ്പെടാൻ. എന്നാൽ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് മുട്ടുമടക്കേണ്ടിവന്ന ആഴ്സനലിന് രണ്ടാം പാദത്തിൽ അതിലും മികച്ച മാർജിനിലെ വിജയംകൊണ്ടേ കാര്യമുള്ളൂ.

പ്രിമിയർ ലീഗ് സീസണിന്റെ തുടക്കത്തിൽ മുന്നിലായിരിക്കുകയും പിന്നീട് ലിവർപൂളിന് വഴിമാറിക്കൊടുക്കുകയും ചെയ്ത ആഴ്സനൽ ചാമ്പ്യൻസ് ലീഗിൽ മികച്ച ഫോമിലായിരുന്നു. പ്രാഥമിക റൗണ്ടിലെ എട്ടുമത്സരങ്ങളിൽ ആറും ജയിച്ച് 19 പോയിന്റുമായി ലിവർപൂളിനും ബാഴ്സലോണയ്ക്കും പിന്നിൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ പി.എസ്.വി ഐന്തോവനെ തോൽപ്പിച്ചത് 7-1നാണ്. രണ്ടാം പാദത്തിൽ 2-2ന് സമനിലവഴങ്ങി. ആഴ്സനലിന്റെ ഏറ്റവും മികച്ച പ്രകടനങ്ങൾ ക്വാർട്ടറിൽ റയലിനെതിരെയായിരുന്നു. നിലവിലെ ചാമ്പ്യന്മാരെ ആദ്യപാദത്തിൽ 3-0 ത്തിനും രണ്ടാം പാദത്തിൽ 2-1നുമാണ് തോൽപ്പിച്ചത്.

മൈക്കേൽ ആർട്ടേറ്റ പരിശീലിപ്പിക്കുന്ന ആഴ്സനൽ സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ഒസ്മാനേ ഡെംബലെ നാലാം മിനിട്ടിൽ നേടിയ ഗോളിലാണ് വീണുപോയത്. ഇതിനുപിന്നാലെ പ്രിമിയർ ലീഗ് മത്സരത്തിൽ ബേൺമൗത്തിനോട് 1-2ന് തോൽക്കുകയും ചെയ്തു. ബുക്കായോ സാക്ക,ഡെക്ളാൻ റൈസ്,മൈക്കേൽ മെറിനോ, ലിയാൻഡ്രോ ട്രൊസാഡ്, ഗബ്രിയേൽ മാർട്ടിനെല്ലി, ഗോളി ഡേവിഡ് റായ തുടങ്ങിയവരുടെ കരുത്തിലാണ് കളത്തിലിറങ്ങുന്നത്.

പ്രാഥമിക റൗണ്ടിൽ നാലുവിജയങ്ങൾ മാത്രം നേടി 15-ാം സ്ഥാനത്തായിരുന്ന പി.എസ്.ജി പ്ളേഓഫ് കടന്നാണ് പ്രീ ക്വാർട്ടറിലെത്തിയത്. പ്രീ ക്വാർട്ടറിൽ കരുത്തന്മാരായ ലിവർപൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചതോടെ ആത്മവിശ്വാസം വർദ്ധിച്ചു.ആദ്യ പാദക്വാർട്ടറിൽ ആസ്റ്റൺ വില്ലയെ 3-1ന് തോൽപ്പിച്ചു. രണ്ടാം പാദത്തിൽ 2-3ന് തോറ്റെങ്കിലും ഗോൾമാർജിൻ മികവിൽ സെമിയിലേക്കെത്തി.

സ്പാനിഷ് കോച്ച് ലൂയിസ് എൻറിക്വെ പരിശീലിപ്പിക്കുന്ന പാരീസ് എസ്.ജി ഫ്രഞ്ച് ലിഗ വണ്ണിൽ കിരീ‌ടം ഉറപ്പാക്കിക്കഴിഞ്ഞു.ഇറ്റാലിയൻ ഗോളി ഡോണറുമ്മ,ഒസ്മാനേ ഡെംബലേ,വിറ്റീഞ്ഞ, റൂയിസ്, ന്യൂനോ മെൻഡസ്,ഡിസീറെ ദോ തുടങ്ങിയവരാണ് പാരീസ് നിരയിലെ പ്രമുഖർ.

6 മത്സരങ്ങളിലാണ് ആഴ്സനലും പാരീസും ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്.

3 കളികളിൽ ജയം ആഴ്സനലിന്

1 ഒരു വിജയമേ പാരീസിന് നേടാനായിട്ടുള്ളൂ.

2 മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു.

ആഴ്സനലിനെതിരെ പാരീസ് ആദ്യ വിജയം നേടിയത് ഇത്തവണത്തെ ആദ്യ പാദ സെമിയിലാണ്.

ഇത്തവണ പ്രാഥമിക റൗണ്ടിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ആഴ്സനൽ 2-0ത്തിന് ജയിച്ചിരുന്നു.

ഒരു തവണമാത്രമാണ് ഇതിന് മുമ്പ് ആഴ്സനലും പി.എസ്.ജിയും ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയിട്ടുള്ളത്. 2005/06 സീസണിൽ ആഴ്സനൽ 1-2ന് ബാഴ്സലോണയോട് തോൽക്കുകയായിരുന്നു.

2019-20 സീസൺ ഫൈനലിൽ ബയേൺ മ്യൂണിക്ക് 1-0ത്തിന് പാരീസിനെ തോൽപ്പിച്ചു.