യുവതി വാഹനമിടിച്ച് മരിച്ചു: കൊലപാതകമെന്ന് സൂചന

Wednesday 07 May 2025 4:33 AM IST

കറുകച്ചാൽ : ജോലിക്ക് പോയ യുവതിയെ വാഹനമിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ഇടിച്ചിട്ട വാഹനം നിറുത്താതെ പോയി. വെട്ടിക്കാവുങ്കൽ പൂവൻപാറയിൽ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു കൃഷ്ണൻ (36) ആണ് മരിച്ചത്.

ഇന്നലെ രാവിലെ ഒൻപതോടെ വീട്ടിൽ നിന്ന് കറുകച്ചാലിലേക്ക് പോകുമ്പോൾ വെട്ടിക്കാവുങ്കൽ പൂവൻപാറപ്പടി റോഡിലായിരുന്നു അപകടം. വാഹനമിടിച്ച് അബോധാവസ്ഥയിൽ കിടന്ന നീതുവിനെ നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു നിന്ന് ഇന്നോവ കാർ മല്ലപ്പള്ളി ഭാഗത്തേക്ക് ഓടിച്ചു പോകുന്നത് കണ്ടതായി പ്രദേശവാസികൾ വെളിപ്പെടുത്തി. ഇത് കേന്ദ്രീകരിച്ച് കറുകച്ചാൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭർത്താവിനെയും

ചോദ്യംചെയ്യും

ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നീതു വിവാഹം ചെയ്തത് കാഞ്ഞിരപ്പള്ളി സ്വദേശിയെയാണ്. ഇരുവരും പിരിഞ്ഞു കഴിയുകയാണ്. വിവാഹമോചന കേസ് കോടതിയിൽ എത്താനിരിക്കെയാണ് അപകടം. റെന്റെടുത്ത കാറാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് കണ്ടെത്തി. ഭർത്താവിനെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. ഇയാളെ ചോദ്യംചെയ്യും. കറുകച്ചാൽ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. നീതുവിന്മറെ ക്കൾ : ലക്ഷ്മിനന്ദ, ദേവനന്ദ. സംസ്‌കാരം പിന്നീട്.