9 മാസത്തിനകം ഞാങ്കടവിൽ നിന്ന് കുടിവെള്ളം
കൊല്ലം: കോർപ്പറേഷനിലെയും സമീപത്തെ അഞ്ച് പഞ്ചായത്തുകളിലെയും അഞ്ചുലക്ഷത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന ഞാങ്കടവ് കുടിവെള്ള പദ്ധതി ഒൻപത് മാസത്തിനകം കമ്മിഷൻ ചെയ്യാൻ ശ്രമം. ഞാങ്കടവിലെ ഭീമൻ കിണറ്റിലടക്കം സ്ഥാപിക്കുന്ന കൂടുതൽ ശേഷിയുള്ള പമ്പ് സെറ്റുകളുടെ നിർമ്മാണം തുടങ്ങി.
മുടങ്ങിക്കിടന്ന കുണ്ടറയിലെ പൈപ്പ് സ്ഥാപിക്കൽ ഈമാസം ആരംഭിക്കും. കുണ്ടറ നാന്തിരിക്കൽ മുതൽ ഇളമ്പള്ളൂർ പൊലീസ് സ്റ്റേഷൻ വരെ ദേശീയപാത മുറിച്ച് 170 മീറ്റർ ദൂരത്തിലുള്ള പൈപ്പിടൽ ജൂൺ 11ന് മുമ്പ് പൂർത്തിയാക്കണമെന്ന വ്യവസ്ഥയിലാണ് പൊതുമരാമത്ത് വകുപ്പ് എൻ.എച്ച്.എ.ഐ വിഭാഗം അനുമതി നൽകിയിരിക്കുന്നത്.
ഇതിന് പുറമേ ശേഷിക്കുന്ന, ഇടറോഡിലൂടെയുള്ള 1530 മീറ്റർ പൈപ്പിടൽ രണ്ട് മാസത്തിനകം പൂർത്തിയാക്കാനാണ് ശ്രമം. ദേശീയപാത മുറിക്കുന്നതിനുള്ള ബാങ്ക് ഗ്യാരന്റി, ലൈസൻസ് ഫീസ് അടയ്ക്കൽ, വർക്ക് പ്ലാൻ തയ്യാറാക്കൽ എന്നിവ ഏതാനും ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.
പമ്പ് നിമ്മാണം ആരംഭിച്ചു
വിവിധ കേന്ദ്രങ്ങളിലായി 16 പമ്പ് സെറ്റ് സ്ഥാപിക്കൽ, ഞാങ്കടവിൽ ട്രാൻസ്ഫോർമർ ബിൽഡിംഗ്, സബ് സ്റ്റേഷൻ, ഞാങ്കടവിലും ജലം ശുദ്ധീകരിക്കുന്ന വസൂരിച്ചിറയിലും ഓട്ടോമേഷൻ സംവിധാനം എന്നിവയാണ് പ്രധാനമായും പൂർത്തിയാക്കാനുള്ളത്. ഈ പ്രവൃത്തികളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിയുമായി തർക്കം നിലനിൽക്കുമ്പോഴും തിരുവനന്തപുരം ആസ്ഥാനമായുള്ള കരാർ കമ്പനി പമ്പുകളുടെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്.
ആകെ 16 പമ്പ് സെറ്റുകൾ
ഞാങ്കടവിൽ 975 എച്ച്.പി ശേഷിയുള്ള അഞ്ച് പമ്പുകൾ
ബാക്കി 11 എണ്ണം ട്രീറ്റ്മെന്റ് പ്ലാന്റിലും വിതരണ ടാങ്കുകളിലും
പമ്പുകൾ പ്രത്യേകം നിർമ്മിക്കണം
ഞാങ്കടവിലും വസൂരിച്ചിറയിലും ട്രാൻസ്ഫോർമർ
രണ്ടിടത്തും ട്രാൻസ്ഫോർമർ ബിൽഡിംഗ്
വാൽവുകൾ പ്രവർത്തിപ്പിക്കാനുള്ള ഓട്ടോമേഷൻ സംവിധാനം
വസൂരിച്ചിറിയിൽ സോളാർ പാനൽ
കരാർ
₹ 52.91 കോടി
നിർമ്മാണം തുടങ്ങിയിട്ട് ആറര വർഷം
ആറര വർഷം മുമ്പാണ് ഞാങ്കടവ് പദ്ധതിക്ക് തുടക്കം കുറിച്ച് ഞാങ്കടവിൽ കൂറ്റൻ കിണർ നിർമ്മാണം തുടങ്ങിയത്. പമ്പ് സെറ്റിന്റെ ടെണ്ടർ ഉറപ്പിക്കൽ, കുണ്ടറയിൽ റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കാൻ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി എന്നിവ അനന്തമായി നീണ്ടതാണ് പദ്ധതിയുടെ പൂർത്തീകരണം ഇത്രയും വൈകാൻ കാരണം.