നഗരം ലഹരി മുക്തമാക്കാൻ സിറ്റി പൊലീസ് 'ആക്ഷൻ'
കൊല്ലം: ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ഊർജ്ജം പകരാൻ 'മുക്ത്യോദയം" കർമ്മപദ്ധതിയുമായി സിറ്റി പൊലീസ്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കൗൺസലിംഗ് ഹെൽപ്പ് ഡെസ്ക്, കരിയർ ഗൈഡൻസ് സെന്റർ, മിനി ലൈബ്രറി തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. കൊല്ലം സിറ്റി പരിധിയിലെ ദുർബല മേഖലകൾ കേന്ദ്രീകരിച്ചുള്ള കൗൺസലിംഗാണ് ഇവയിൽ പ്രധാനം. മയക്കുമരുന്നിന് അടിമകളായവരെ പിന്തുണയ്ക്കുകയും അവരെ അതിൽ നിന്ന് കരകയറാൻ സഹായിക്കുകയുമാണ് ചെയ്യുക. കൂടാതെ ലഹരി ആസക്തിയിൽ കുടുങ്ങിയവരെക്കുറിച്ച് വിവരങ്ങൾ നൽകാനും സൗകര്യമുണ്ട്.
കുട്ടികളോടുള്ള അവഗണനയ്ക്കെതിരെ രക്ഷിതാക്കൾക്ക് ബോധവത്കരണം, ദുർബല മേഖലകളെയും വിഭാഗങ്ങളെയും തിരിച്ചറിയുക, സ്‌കൂൾ-കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ ചുമതലകളും പ്രവർത്തനങ്ങളും, മാസ്റ്റർ ട്രെയിനേഴ്സിനും കൗൺസലർമാർക്കുമുള്ള പരിശീലനം തുടങ്ങിയവ ഉൾപ്പെടുന്നതാണ് കർമ്മപദ്ധതി.
പദ്ധതിയുടെ ഭാഗമായി വിദഗ്ദ്ധരുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസുകളും നടത്തുന്നുണ്ട്. തിരഞ്ഞെടുത്ത കുട്ടികൾക്ക് സൗജന്യമായി തുടർ പരിശീലനവും നൽകും.
താങ്ങാകാൻ 'മുക്ത്യോദയം' എല്ലാ വെള്ളിയാഴ്‌ചകളിലും ഹെൽപ്പ് ഡെസ്ക്
ബോധവത്കരണം, കൗൺസലിംഗ്
സോഷ്യൽ മീഡിയ കാമ്പെയിൻ
പഠനം മുടങ്ങിയവർക്ക് തുടർപഠന സൗകര്യമൊരുക്കൽ
മിനി ലൈബ്രറി
കരിയർ ഗൈഡൻസ് സെന്റർ
അടുത്ത ഘട്ടത്തിൽ 60 സ്ഥലങ്ങളിൽ ഹെൽപ്പ് ഡെസ്ക്
സഹായി ഹെൽപ്പ് ലൈൻ
ലഹരിക്ക് അടിപ്പെട്ട് കൗൺസലിംഗ് ആവശ്യമായി വരുന്ന സഹപാഠികൾ, യുവതി- യുവാക്കൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ 'സഹായി' എന്ന ഹെൽപ്പ് ലൈൻ വഴി രഹസ്യമായി അറിയിക്കാം.
പൊലീസ് ഊദ്യോഗസ്ഥരിൽ നിന്നും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളിൽ നിന്നും മറ്റ് സന്നദ്ധ പ്രവർത്തകരിൽ നിന്നും സമാഹരിച്ച പുസ്തകങ്ങൾ ഉപയോഗിച്ചാണ് മിനി ലൈബ്രറി സജ്ജമാക്കിയിട്ടുള്ളത്. മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലന ചുമതല ജില്ലാ മാനസികാരോഗ്യ വിഭാഗത്തിനാണ്.
സിറ്റി പൊലീസ് അധികൃതർ