മണ്ണാർക്കാട് സ്വദേശിയെ പുൽവാമ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Wednesday 07 May 2025 12:37 PM IST

പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മു കാശ്‌മീരിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവാൻതൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി ഗുൽമാർഗ് സ്റ്റേഷനിൽ നിന്ന് വിളിച്ചറിയിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ വിവരം അറിഞ്ഞത്.

ബംഗളൂരുവിൽ വയറിംഗ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. പുൽവാമയിലെ വനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെടുത്തപ്പോൾ മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ബംഗളൂരുവിൽ പോയ യുവാവ് എങ്ങനെ ജമ്മു കാശ്‌മീരിൽ എത്തിയെന്നതുൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.