സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, അടുത്തെങ്ങും വില കുറയില്ല? ഇതാണ് കാരണം

Wednesday 07 May 2025 12:45 PM IST

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ തീരുവ പ്രഖ്യാപനം നടത്തിയതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് വീണ്ടും പ്രിയമേറുന്നു. ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പലിശ കുറയ്ക്കുന്നതിനെ കുറിച്ച് ഇന്ന് നിലപാട് പ്രഖ്യാപിക്കാനിരിക്കെ നിക്ഷേപകർ ഏറെ കരുതലോടെയാണ് നീങ്ങുന്നത്. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,380 ഡോളറിലേക്കാണ് കുതിച്ചുയർന്നത്. ഒരു ദിവസത്തിനിടെ വിലയിൽ 120 ഡോളറിന്റെ കുതിപ്പാണുണ്ടായത്. ഇന്ത്യയും പാകിസ്ഥാനുമായുള്ള രാഷ്‌ട്രീയ സംഘർഷം രൂക്ഷമാകുന്നതും നിക്ഷേപകരിൽ ആശങ്ക വർദ്ധിപ്പിച്ചു.

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില പവന് 2,000 രൂപ ഉയർന്ന് 72,200 രൂപയിലെത്തി. ഗ്രാമിന്റെ വില 250 രൂപ ഉയർന്ന് 9,025 രൂപയായി. ഏപ്രിൽ അവസാന വാരം മുതൽ സ്വർണ വില തുടർച്ചയായി കുറഞ്ഞതിനാൽ ജുവലറികളിൽ വിൽപ്പന ഉണർവുണ്ടായിരുന്നു. പൊടുന്നനെ വില കുതിച്ചുയർന്നതോടെ സ്വർണാഭരണ വിൽപ്പന തിരിച്ചടി നേരിടുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. വെള്ളി, പ്ളാറ്റിനം എന്നിവയുടെ വിലയും മുകളിലേക്ക് നീങ്ങി.

ഫെഡറൽ റിസർവ് തീരുമാനം നിർണായകം

ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ സാമ്പത്തിക മേഖലയെ കുറിച്ചുള്ള നിലപാടാകും സ്വർണ വിപണിയുടെ ചലനങ്ങളെ പ്രധാനമായും സ്വാധീനിക്കുക. ട്രംപിന്റെ വ്യാപാര യുദ്ധം അമേരിക്കയിൽ മാന്ദ്യം സൃഷ്ടിച്ചാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം മുകളിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തുന്നത്. ഈ വർഷം മുഖ്യ പലിശ നിരക്ക് കുറയ്ക്കില്ലെന്ന് ഫെഡറൽ റിസർവ് തീരുമാനിച്ചാലും സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങും.

ഓഹരി വിപണിയിൽ ഇറക്കം

നിക്ഷേപകർ ലാഭമെടുക്കുന്നതിനായി വിൽപ്പന ശക്തമാക്കിയതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ നഷ്‌ടം നേരിട്ടു. സെൻസെക്‌സ് 155.77 പോയിന്റ് കുറഞ്ഞ് 80,641.07ൽ എത്തി. നിഫ്‌റ്റി 81.55 പോയിന്റ് ഇടിഞ്ഞ് 24,379.60ൽ അവസാനിച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, ബാങ്ക് ഒഫ് ബറോഡ, സൊമാറ്റോ, എസ്.ബി.ഐ, ടാറ്റ മോട്ടോഴ്‌സ്, ബാങ്ക് ഒഫ് ബറോഡ എന്നിവയാണ് പ്രധാനമായും നഷ‌ടം നേരിട്ടത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, നെസ്‌ലെ എന്നിവ നേട്ടമുണ്ടാക്കി.