ഓപ്പറേഷൻ സിന്ദൂറിൽ വികാരാധീനരായി മമ്മൂട്ടിയും മോഹൻലാലും; വാനോളം അഭിമാനമെന്ന് നടന്മാർ

Wednesday 07 May 2025 12:50 PM IST

പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ പാകിസ്ഥാന് 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ നൽകിയ തിരിച്ചടിയിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി.'നമ്മുടെ നായകന്മാർക്ക് സല്യൂട്ട്. രാജ്യം വിളിക്കുമ്പോൾ ഇന്ത്യൻ സൈന്യം വിളി കേൾക്കും എന്നാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ വീണ്ടും തെളിയിക്കുന്നത്. ജീവനുകൾ രക്ഷിക്കുന്നതിലും പ്രതീക്ഷ നിലനിർത്തുന്നതിനും നന്ദി. നിങ്ങൾ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തുന്നു, ജയ് ഹിന്ദ്'- എന്നാണ് മമ്മൂട്ടി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.

ഓപ്പറേഷൻ സിന്ദൂറിൽ നടൻ മോഹൻലാലും പ്രതികരിച്ചിട്ടുണ്ട്. 'ഒരു പാരമ്പര്യം എന്ന നിലയിൽ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് നമ്മൾ സിന്ദൂരം അണിയുന്നത്. വെല്ലുവിളിക്കൂ, ഞങ്ങൾ എക്കാലത്തേക്കാളും നിർഭയരും ശക്തരുമായി ഉയരും. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയുടെ ഓരോ ധീരഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നു.

നിങ്ങളുടെ ധൈര്യം ഞങ്ങളുടെ അഭിമാനത്തിന് ഇന്ധനം നൽകുന്നു. ജയ് ഹിന്ദ്'- എന്നാണ് മോഹൻലാൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ഇരുവരുടെയും കുറിപ്പുകളിൽ ആരാധകരും പിന്തുണ നൽകുന്നുണ്ട്.


ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയാണ് പാകിസ്ഥാനിലും പാക് അധിനിവേശ കാശ്‌മീരിലുമുള്ള ഭീകരരുടെ കേന്ദ്രങ്ങൾ ഇന്ത്യ തകർത്തത്. പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന നിരോധിത ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ത്വയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യയുടെ മിസൈൽ ആക്രമണം. ഇന്ത്യയുടെ ആക്രമണത്തിൽ 70ൽ അധികം ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം. 'നീതി നടപ്പാക്കി, ജയ് ഹിന്ദ്' എന്നാണ് എക്‌സിൽ സൈന്യം സൈനിക നടപടിയെ കുറിച്ച് അറിയിച്ചത്.