അംബാനി കുടുംബത്തിന്റെ ഒരു ദിവസത്തെ ചെലവ് എത്രയാണെന്നറിയാമോ? സങ്കൽപ്പിക്കാൻ കഴിയില്ല

Wednesday 07 May 2025 3:57 PM IST

മുംബയ്: ഇന്ത്യയിലെ ഏറ്റവും വലിയ ധനിക കുടുംബങ്ങളിലൊന്നാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടേത്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ആഡംബര വസതിയായ ആന്റിലിയയിലാണ് അംബാനിയും കുടുംബവും താമസിക്കുന്നത്. 15,000 കോടി രൂപ ചെലവഴിച്ചാണ് ആന്റിലിയ പണി കഴിപ്പിച്ചിരിക്കുന്നത്. അംബാനിയും കുടുംബവും ഒരു ദിവസം എത്ര രൂപ ചെലവഴിക്കുന്നുവെന്ന രസകരമായ ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

പല ദേശീയ മാദ്ധ്യമങ്ങളും ഇതുമായി ബന്ധപ്പെട്ട കണക്കുകൾ നിരത്തുന്നുമുണ്ട്. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകൻ അനന്ദ് അംബാനിയുടെ വിവാഹം ലോക ശ്രദ്ധയിൽപ്പെട്ടതായിരുന്നു.

രാജകീയമായ ജീവിതമാണ് അംബാനി കുടുംബം നയിക്കുന്നത്. പല വിശേഷ ദിവസങ്ങളിലും അംബാനിമാർ വിലയേറിയ വജ്രങ്ങളും രത്നങ്ങളും പതിപ്പിച്ച ആഭരണങ്ങളാണ് അണിയുന്നത്. ഇവർ അണിയുന്ന വസ്ത്രങ്ങൾക്ക് വരെ കോടികൾ വിലയുണ്ട്. ഇവരുടെ കൈവശം 400 കോടിയിലധികം വിലമതിക്കുന്ന ആഭരണങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

മുംബയിലെ ഗതാഗതത്തിരക്കുകളിൽപ്പെടാതെ നിത അംബാനിക്ക് യാത്ര ചെയ്യാൻ മുകേഷ് അംബാനി കോടികൾ വിലമതിപ്പുളള പ്രൈവറ്റ് ജെറ്റാണ് നൽകിയത്. മുകേഷ് അംബാനിയുടെ ഡ്രൈവർ, പാചകക്കാരൻ എന്നിവർക്ക് പ്രതിമാസം ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് ശമ്പളം ലഭിക്കുന്നതെന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. വാഹനമോടിക്കുന്നതിലും, പാചകം ചെയ്യുന്നതിലും പ്രത്യേക പരിശീലനമാണ് ഇവർക്ക് ലഭിക്കുന്നത്. ആന്റിലിയയിൽ മാത്രം ഏകദേശം 600 ജീവനക്കാരാണുളളത്. ഇവരുടെ മാത്രം പ്രതിമാസം ശമ്പളം ഏകദേശം 12 കോടി രൂപ വരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് മാസം തോറുമുളള ഷോപ്പിംഗിനായി അംബാനിമാർ മൂന്ന് കോടി രൂപ ചെലവഴിക്കുന്നുവെന്നാണ്. ഇവരുടെ വിദേശയാത്രകൾക്ക് പ്രതിമാസം അഞ്ച് മുതൽ പത്ത് കോടി രൂപ ചെലവാകുന്നുണ്ട്. അംബാനി കുടുംബാംഗങ്ങൾക്കെല്ലാം റിലയൻസിന്റെ വിവിധ കമ്പനികളിൽ ചുമതലകളുണ്ട്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും അംബാനി കുടുംബം നടത്തിവരുന്നുണ്ട്. ഒരു ദിവസം അംബാനി കുടുംബം കൃത്യമായി എത്ര രൂപ ചെലവഴിക്കുന്നുവെന്ന കണക്കുകൾ ഇതുവരെ ലഭ്യമല്ല. എന്നാൽ വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് കോടിക്കണക്കിന് രൂപ വരുമെന്നാണ്.