എയർ വാണിംഗ് ലഭിച്ചതോടെ സൈറൺ മുഴങ്ങി, രാജ്യവ്യാപകമായി മോക് ഡ്രിൽ പൂർത്തിയായി

Wednesday 07 May 2025 4:37 PM IST

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രാജ്യത്തെ വിവിധയിടങ്ങളിൽ നടത്തിയ സിവിൽ ഡിഫൻസ് മോക് ഡ്രിൽ പൂർത്തിയായി. വൈകുന്നേരം നാല് മുതൽ നാലര മണി വരെയായിരുന്നു മോക് ഡ്രിൽ. രാജ്യത്തെ 259 സിവിൽ ഡിഫൻസ് ജില്ലകളിലാണ് മോക് ഡ്രിൽ നടന്നത്. കേരളത്തിൽ എല്ലാ ജില്ലകളിലും മോക് ഡ്രിൽ നടത്തി. 126 ഇടങ്ങളിലായാണ് മോക് ഡ്രിൽ നടത്തിയത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് സംഘർഷമുണ്ടാകുന്ന സാഹചര്യത്തെ നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കാനാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്.

90 സെക്കൻഡ് നീണ്ടുനിന്ന സൈറൺ മുഴങ്ങിയതോടെ അപകട സാഹചര്യത്തെ എങ്ങനെ അതിജീവിക്കാമെന്ന് ഉദ്യോഗസ്ഥരടക്കം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകുകയായിരുന്നു.സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ സജ്ജീകരിച്ച കൺട്രോൾ റൂമുകളിലേക്ക് വ്യോമസേന നൽകുന്ന സന്ദേശത്തെ തുടർന്നായിരുന്നു സിവിൽ ഡിഫൻസ് സംവിധാനം സജീവമായത്. അഗ്നിശമന സേനയ്ക്കായിരുന്നു ഡ്രില്ലിന്റെ പ്രധാന ചുമതല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കളക്ടർമാർ കൺട്രോളിംഗ് ഓഫീസറായും ജില്ലാ ഫയർ ഓഫീസർ നോഡൽ ഓഫീസറായും പ്രവർത്തിച്ചു.

എയർ വാണിംഗ് ലഭിച്ചതോടെ ജില്ലാ ആസ്ഥാനങ്ങളിൽ സൈറൺ മുഴങ്ങി. ഷോപ്പിംഗ് മാളുകൾ, സിനിമാ തീയേറ്ററുകൾ എന്നിവയുൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിലാണ് ഡ്രിൽ സംഘടിപ്പിച്ചത്. അടിയന്തര സാഹചര്യത്തിൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ഡ്രില്ലും ഇതിന്റെ ഭാഗമായി നടന്നു.