പ്രവാസിയായ മകൻ അമ്മയെ അഗതി മന്ദിരത്തിലാക്കി,​ നീണ്ട തിരച്ചിലിനൊടുവിൽ അമ്മയെ വീണ്ടെടുത്ത് മറ്റൊരു മകൻ

Saturday 07 September 2019 11:25 AM IST

മാവേലിക്കര: പ്രവാസിയായ മകൻ പെറ്റമ്മയെ അഗതി മന്ദിരത്തിൽ തള്ളി. നിയമപോരാട്ടത്തിനൊടുവിൽ ഒന്നരവർഷത്തിന് ശേഷം അമ്മയെ വീട്ടിലേക്ക് കൊണ്ടുവന്ന് ഇളയമകൻ. തഴക്കര ഇറവങ്കര പണിയിൽ പരേതനായ രാഘവന്റെ ഭാര്യ ഭാർഗവിയമ്മയെയാണ് (93)​ വിദേശത്തുള്ള മകൻ കരുനാഗപ്പള്ളിയിലെ അഗതി മന്ദിരത്തിൽ തള്ളിയത്.

ഇയാൾ തന്റെ ബന്ധുക്കളെ വീട്ടിൽ നിന്ന് അകറ്റി നിർത്തിയതിനാൽ ആരും ഭാർഗവിയമ്മയെ അഗതി മന്ദിരത്തിലാക്കിയത് അറിഞ്ഞില്ല. ഇവരുടെ മറ്റൊരു മകനായ ഇറവങ്കര ചൈത്രം വീട്ടിൽ വിനയ് ബാബു ഒരു സുഹൃത്ത് മുഖേനയാണ് തന്റെ അമ്മയെ സഹോദരൻ അഗതി മന്ദിരത്തിലാക്കിയ വിവരമറിയുന്നത്. തുടർന്ന് അമ്മയെ അന്വേഷിച്ച് നിരവധി അഗതി മന്ദിരങ്ങൾ കയറിയിറങ്ങിയിട്ടും കണ്ടെത്താനായില്ല.

ഒന്നരമാസം മുമ്പ് വവ്വാക്കാവിലെ ക്ഷേത്രദർശനത്തിനെത്തിയ ഇവരുടെ അയൽവാസി കരുനാഗപ്പള്ളിയിലെ അഗതി മന്ദിരം സന്ദർശിച്ചപ്പോൾ അവിടെവച്ച് ഭാർഗവിയമ്മയെ കണ്ടുമുട്ടി. ഉടൻതന്നെ വിനയ് ബാബുവിനെ വിവരമറിയിച്ചു.

വിവരമറിഞ്ഞെത്തിയ വിനയ് ബാബുവിനൊപ്പം അമ്മയെ അയക്കാൻ നിയമ പ്രശ്നങ്ങൾ മൂലം അധികൃതർക്ക് സാധിച്ചില്ല.തുടർന്ന് ഒന്നരമാസം നീണ്ട് നിന്ന നിയമപോരാട്ടങ്ങൾക്കൊടുവിൽ ഭാർഗവിയമ്മയെ കൂടെക്കൂട്ടാൻ ഇളയമകൻ വിനയ് ബാബുവിന് അനുമതി ലഭിച്ചു. ചെങ്ങന്നൂർ ആർ.ഡി.ഒ ജി. ഉഷാകുമാരി, മാവേലിക്കര തഹസിൽദാർ എസ്.സന്തോഷ്‌കുമാർ, ഭൂരേഖ തഹസിൽദാർ ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അഗതി മന്ദിരത്തിൽ നിന്നും ഇന്നലെ വൈകിട്ടു ഭാർഗവിയമ്മയെ വീട്ടിലെത്തിച്ചു.