പി.എസ്.സി പരീക്ഷാ തട്ടിപ്പ്: ഒളിവിൽ കഴിഞ്ഞ പ്രണവും സഫീറും കോടതിയിൽ കീഴടങ്ങി

Saturday 07 September 2019 2:25 PM IST
പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസിലെ പ്രതികളായ സഫീർ, പ്രണവ് എന്നിവർ

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ എസ്.എഫ്.ഐ നേതാവ് പി.പി.പ്രണവ്, പ്രാദേശിക കോൺഗ്രസ് നേതാവ് സഫീർ എന്നിവർ കീഴടങ്ങി. ഒളിവിൽ കഴിഞ്ഞ പ്രതികൾ ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ കീഴടങ്ങിയത്. ഇവരെ പിടികൂടാനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കാൻ ഇരിക്കെയാണ് നാടകീയമായി പ്രതികൾ കീഴടങ്ങിയത്. പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസിൽ പ്രണവ് രണ്ടാം പ്രതിയും സഫീർ നാലാം പ്രതിയുമാണ്. കേസിലെ ആസൂത്രണത്തിൽ അടക്കം മുന്നിലുണ്ടായിരുന്ന പ്രതികളെ പിടികൂടിയതോടെ പരീക്ഷാതട്ടിപ്പിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

പി.എസ്.സി നടത്തിയ പൊലീസ് കോൺസ്‌റ്റബിൾ പരീക്ഷയിലെ ഒന്നാം റാങ്കുകാരനായ പ്രണവാണ് കേസിലെ ആസൂത്രകൻ. പ്രാദേശിക കോൺഗ്രസ് പ്രവർത്തകനും പ്രണവിന്റെ സുഹൃത്തുമായ സഫീറും പൊലീസ് കോൺസ്‌റ്റബിൾ ഗോകുലുമാണ് യൂണിവേഴ്സി‌റ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം യൂണിവേഴ്സി‌റ്റി കോളേജിലെ എസ്.എഫ്.ഐ നേതാവ് പ്രണവ് എന്നിവർക്ക് ഫോണിലൂടെ ഉത്തരങ്ങൾ എത്തിച്ചത്. നേരത്തെ ഇവർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും 10 ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു കോടതിയുടെ വിധി. എന്നാൽ ഇവർ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് ശനിയാഴ്‌ച ഉച്ചയോടെ വഞ്ചിയൂർ കോടതിയിലേക്ക് ഇവർ ഓടിക്കയറിയത്. തങ്ങൾ പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസിലെ പ്രതികളാണെന്നും കീഴടങ്ങുകയാണെന്നും ഇവർ മജിസ്ട്രേറ്റിന് മുന്നിൽ പറഞ്ഞതോടെ കോടതി ഉദ്യോഗസ്ഥർ ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. പ്രതികൾ കീഴടങ്ങുമെന്ന വിവരം അന്വേഷണസംഘം അറിഞ്ഞിരുന്നില്ലെന്നാണ് വിവരം.