റഹാനെയും റസലും ബാറ്റിംഗില്‍ തിളങ്ങി; നൂര്‍ അഹമ്മദിന് നാല് വിക്കറ്റ്, ചെന്നൈക്ക് 180 റണ്‍സ് വിജയലക്ഷ്യം

Wednesday 07 May 2025 9:32 PM IST

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 180 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. അജിങ്ക്യ റഹാനെ, ആന്ദ്രെ റസല്‍, മനീഷ് പാണ്ഡെ എന്നിവരുടെ ബാറ്റിംഗ് പ്രകടനങ്ങളാണ് കെകെആറിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ടൂര്‍ണമെന്റില്‍ നിന്ന് ഇതിനോടകം പുറത്തായ സിഎസ്‌കെയ്ക്ക് അഭിമാനപ്പോരാട്ടമാണ് ഇനിയുള്ള മത്സരങ്ങള്‍.

റഹ്‌മാനുള്ള ഗുര്‍ബാസ് 11(9), സുനില്‍ നരെയ്ന്‍ 26(17) എന്നിങ്ങനെയാണ് ഓപ്പണര്‍മാരുടെ സ്‌കോറുകള്‍. മൂന്നാമനായി എത്തിയ നായകന്‍ അജിങ്ക്യ റഹാനെ 33 പന്തുകളില്‍ നിന്ന് 48 റണ്‍സ് നേടി മികവ് കാണിച്ചു. യുവതാരം അന്‍ക്രിഷ് രഘുവംശി 1(2) റണ്‍സ് നേടി മടങ്ങിയപ്പോള്‍ മനീഷ് പാണ്ഡെ 28 പന്തുകളില്‍ നിന്ന് 36 റണ്‍സ് നേടി പുറത്താകാതെ നിന്നു. ആന്ദ്രേ റസല്‍ 38(21), റിങ്കു സിംഗ് 9(6), രമണ്‍ദീപ് സിംഗ് 4*(4) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.

ചെന്നൈക്കായി അഫ്ഗാന്റ് ചൈനമാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് നാലോവറില്‍ 31 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. രവീന്ദ്ര ജഡേജ, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 11 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സംബന്ധിച്ച് ഇന്നത്തെ മത്സരത്തില്‍ വിജയിച്ചില്ലെങ്കില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസിലാകും.