രാഷ്ട്രപതിക്ക് മലചവിട്ടാൻ രണ്ടു പാതകളും ഒരുക്കും
Thursday 08 May 2025 3:29 AM IST
പത്തനംതിട്ട: ശബരിമല ദർശനത്തിന് ഈ മാസം 18ന് എത്തുന്ന രാഷ്ട്രപതിക്ക് പമ്പയിൽ നിന്ന് മല കയറാൻ പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പൻ റോഡിലും ഒരുക്കങ്ങൾ നടത്തും. കാലാവസ്ഥയും വിശ്രമ സൗകര്യവും കണക്കിലെടുത്ത് പരമ്പരാഗത പാതയിലൂടെ മല ചവിട്ടുന്നതാണ് ഉചിതമെന്ന് രാഷ്ട്രപതിയുടെ സുരക്ഷാച്ചുമതലയുള്ള എസ്.പി.ജി സംഘത്തെ പൊലീസ് അറിയിച്ചു. അവശ്യ സർവീസ് എന്ന നിലയിൽ സ്വമി അയ്യപ്പൻ റോഡ് വഴി എമർജൻസി ആംബുലൻസ് സർവീസും സജ്ജമാക്കും. ഏതു വഴിയാകും യാത്രയെന്ന് എസ്.പി.ജി പരിശോധനയ്ക്കുശേഷം തീരുമാനിക്കും.
പരമ്പരാഗത പാത
- പമ്പ - നീലിമല - അപ്പാച്ചിമേട് - മരക്കൂട്ടം - ചന്ദ്രാനന്ദൻ റോഡ്, ശരംകുത്തി വഴി സന്നിധാനം
- (മരക്കൂട്ടത്ത് നിന്ന് ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്ത് എത്തുന്നതാണ് ഉചിതമെന്ന് പൊലീസ്)
- പമ്പയിൽ നിന്ന് ദൂരം 3.8 കിലാേമീറ്റർ. കുത്തുകയറ്റം യാത്ര കഠിനമാക്കും.
- സന്നിധാനത്തേക്കു മലചവിട്ടാൻ കുറഞ്ഞ സമയം ഒരു മണിക്കൂർ 10 മിനിട്ട്
- നീലിമലയിലും അപ്പാച്ചിമേട്ടിലും കാർഡിയോളജി സെന്ററുകൾ, വിശ്രമ കേന്ദ്രങ്ങൾ
- മഴയും വെയിലും ഏൽക്കാതിരിക്കാൻ വിവിധ ഭാഗങ്ങളിൽ മേൽക്കൂര
സ്വാമി അയ്യപ്പൻ റോഡ്
- പമ്പ - പതിനൊന്നാം വളവ് - ചരൽമേട് - മരക്കൂട്ടം - സന്നിധാനം
- ദൂരം 4. 1 കിലോമീറ്റർ. വളവ് തിരിവുകളുള്ള മലകയറ്റം
- കുറഞ്ഞ സമയം ഒരു മണിക്കൂർ
- പതിനൊന്നാം വളവിലും ചരൽമേടിലും മെഡിക്കൽ സെന്ററുകൾ
- മഴ പെയ്താൽ വിശ്രമിക്കാൻ മേൽക്കൂരകളില്ല
- പരമ്പരാഗത പാതയേക്കാൾ ആയാസം കുറഞ്ഞ വഴി
4 ഡോളികൾ സജ്ജമാക്കും
രാഷ്ട്രപതിക്ക് നടന്ന് മല കയറാൻ ബുദ്ധിമുട്ടുണ്ടായാൽ സന്നിധാനത്തേക്ക് എത്താൻ നാലു ഡോളികൾ സജ്ജമാക്കും. ഡോളി ചുമന്ന് പരിചയമുള്ള 16 പേരെ ഇതിനായി തിരഞ്ഞെടുക്കും.