പൂരം വെടിക്കെട്ടിന് തൊട്ടു മുമ്പ് ആനകൾ വിരണ്ടോടി
□തിരക്കിൽപ്പെട്ട് 65ഓളം പേർക്ക് പരിക്ക്
തൃശൂർ : പൂരം വെടിക്കെട്ടിന് തൊട്ടുമുമ്പ് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പിനിടെ ആനകൾ വിരണ്ടോടിയതിനെ തുടർന്നുള്ള തിരക്കിൽപ്പെട്ട് 65 ഓളം പേർക്ക് പരിക്കേറ്റു. ആറു പേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി. ആരുടെയും നില ഗുരുതരമല്ല.
ഊട്ടോളി രാമൻ, വട്ടപ്പൻകാവ് മണികണ്ഠൻ എന്നീ ആനകളാണ് സി.എം.എസ് സ്‌കൂളിന് സമീപം ബുധനാഴ്ച പുലർച്ചെ രണ്ടോടെ ഇടഞ്ഞത് .മണികണ്ഠനെ ഉടനെ തളച്ചെങ്കിലും ഊട്ടോളി രാമൻ ഓടിയത് പൂര നഗരിയെ വിറപ്പിച്ചു. സി.എം.എസ് സ്‌കൂളിന് മുന്നിൽ മഠത്തിൽ വരവ് പഞ്ചവാദ്യം എത്തിയപ്പോഴാണ് രണ്ടാനകളും ഓടിയത്. മണികണ്ഠനെ സി.എം.എസ് സ്‌കൂളിന് മുന്നിൽ വച്ചു തന്നെ തളച്ചു. ആന ഓടുന്നതിനിടയിൽ ആക്രമണത്തിന് മുതിരാതിരുന്നത് വൻദുരന്തം ഒഴിവാക്കി. പൂരം നായ്ക്കനാലിലേക്ക് നീങ്ങിയതോടെ ആളുകൾ വെടിക്കെട്ട് കാണാനായി സ്വരാജ് റൗണ്ടിൽ നിറഞ്ഞിരുന്നു.
ഇതിനിടയിലേക്ക് ആന ഓടിയതോടെ, സ്ത്രീകളടക്കമുള്ളവർ പ്രാണരക്ഷാർത്ഥം ഓടി. ആന വരുന്നത് കണ്ട് ഓടിയവർ വീണും മറ്റുള്ളവരുടെ ചവിട്ടേറ്റുമാണ് പരിക്കേറ്റത്. പലരുടെയും കൈകാലുകൾക്ക് ഒടിവ് പറ്റി. പലരും ബാരിക്കേഡുകൾ വച്ചിരുന്നത് ചാടിക്കടന്നാണ് രക്ഷപ്പെട്ടത്. പെട്ടെന്ന് ആനയെ തളയ്ക്കാനായത് ആശ്വാസമായി.
ഊട്ടോളി രാമൻ എം.ജി റോഡിലെ പാണ്ഡിസമൂഹം റോഡിലേക്കാണ് ഓടിയത്. സംഭവം നടന്നയുടനെ മന്ത്രി കെ.രാജനും കളക്ടർ ആർജുൻ പാണ്ഡ്യനും ആശുപത്രിയിലെത്തി. ഇന്നലെ മന്ത്രി ഡോ.ആർ.ബിന്ദു, ദേവസ്വം മന്ത്രി വി.എൻ.വാസവൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ എന്നിവർ സന്ദർശിച്ചു.