കേരളത്തിൽ വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
മലപ്പുറം: കേരളത്തിൽ വീണ്ടും നിപ. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഇപ്പോൾ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പുനെ വെെറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. എവിടെ നിന്നാണ് രോഗം പടർന്നതെന്ന് വ്യക്തമല്ല. ഇവരുടെ വീട്ടിൽ രണ്ട് പേർക്ക് പനിയുണ്ടായിരുന്നുവെന്നാണ് വിവരം.
ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും തിരിച്ചും പകരുന്ന (Zoonotic ) വൈറസ് രോഗമാണ് നിപ. ലോകത്ത് നിപ ആദ്യം സ്ഥിരീകരിച്ചത് മലേഷ്യയിലാണെന്നാണ് റിപ്പോർട്ട്. പന്നികളിൽ നിന്നാണ് മലേഷ്യയിൽ വൈറസ് പകർന്നത്. പിന്നീട് ബംഗ്ലാദേശിലും ഇന്ത്യയിലും രോഗം സ്ഥിരീകരിച്ചു. രണ്ട് രാജ്യങ്ങളിലും രോഗം ബാധിച്ച വവ്വാലുകളുടെ മൂത്രമോ ഉമിനീരോ കലർന്ന പഴങ്ങൾ ഭക്ഷിച്ചതിലൂടെയാണ് പടർന്നതെന്നാണ് നിഗമനം. പാരാമിക്‌സോ വൈറിഡേ ആണ് ഫാമിലി.
ലക്ഷണങ്ങൾ
വൈറസ് ബാധിച്ച് അഞ്ച് മുതൽ 14 ദിവസത്തിന് ശേഷമായിരിക്കും ലക്ഷണങ്ങൾ തുടങ്ങുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവും പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ച മങ്ങൽ തുടങ്ങിയവയും ഉണ്ടാവാം.
പകർച്ച
അതിവേഗം പടരാൻ സാദ്ധ്യത. പഴംതീനി വവ്വാലുകൾ പ്രധാന വാഹകരാണ്. പന്നികളിൽ നിന്നും വവ്വാലുകളിൽ നിന്നും രോഗം പടരും. നേരത്തെ കേരളത്തിൽ നിപ പടർന്നത് വവ്വാലുകളിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.